ഉമര്‍ ഖാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; രാജസ്ഥാനിലെ പഹാഡിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്



ന്യൂഡല്‍ഹി > ഗോരക്ഷകര്‍ കൊലപ്പെടുത്തിയ ഉമര്‍ ഖാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ പഹാഡിയില്‍ സംയുക്ത സമര സമിതിയുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. ഉമര്‍ ഖാന്‍ കൊല്ലപ്പെട്ടതോടെ വരുമാനം നിലച്ച കുടുംബത്തിന് ഉപജീവന മാര്‍ഗം കണ്ടെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ വെള്ളിയാഴ്ച ഒരുലക്ഷം രൂപ കുടുംബത്തിന് കൈമാറി. അക്രമി സംഘങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാരും പൊലീസും നിലപാട് തിരുത്തി ഉമര്‍ഖാന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുംവരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി. ഭരത്പുര്‍ ജില്ലയിലെ പഹാഡിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഉമര്‍ഖാന്റെ അച്ഛന്‍ ഷഹാബുദ്ദീന്‍, മൂത്ത മകന്‍ മക്സൂദ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മേവാത്ത് മേഖലയിലെ ന്യുനപക്ഷ വിഭാഗങ്ങള്‍ കുറ്റവാളികളാണെന്ന നിലയിലുള്ള പ്രചരണങ്ങളെ തുറന്നുകാട്ടുന്നതിന് ജനുവരിയില്‍ ഡല്‍ഹിയില്‍ 'പൊതു വിചാരണ' സംഘടിപ്പിക്കും. രാജസ്ഥാനിലെ ഭരണസംവിധാനങ്ങള്‍തന്നെ ഇത്തരം പ്രചരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തെ വിവധ ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. സ്വാതന്ത്യ്ര സമരത്തില്‍ ശക്തമായി നിലകൊണ്ട, ഹിന്ദു-മുസ്ളിം ഐക്യംകൊണ്ട് ശ്രദ്ധേയമായ മേവാത്ത് മേഖലയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംയുക്ത സമര സമിതി മുഖ്യമന്ത്രിയെ സന്ദര്‍ശിപ്പ് പരാതി നല്‍കുമെന്ന് അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീകന്റെ ഇടപെടല്‍തേടിയും പരാതി നല്‍കും. ഭരത്പൂരിലും അല്‍വാറിലും നിരവധി പൊലീസ് സ്റ്റേഷനുകള്‍ ഗോരക്ഷകര്‍ക്ക് സമാനമായ നിലയിലാണ് ന്യൂനപക്ഷങ്ങളോട് ഇടപെടുന്നതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി ഡോ. വിജൂ കൃഷ്ണന്‍ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നീക്കങ്ങള്‍ തുറന്നുകാട്ടുന്നതിനുവേണ്ടിയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ വൈസ് പ്രസിഡന്റ് അമ്രാറാം, ഡോ. വിജൂ കൃഷ്ണന്‍, ഭൂമി അധികാര്‍ ആന്ദോളന്‍ നേതാവ് സത്യം,  എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുമിത്ര ചോപ്ര, സഞ്ജയ് മാധവ്, റൈസ ബാനു തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. അഖിലേന്ത്യാ കിസാന്‍ സഭ, ഭൂമി അധികാര്‍ ആന്ദോളന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയാണ് സഹായധനം കൈമാറിയത്.   Read on deshabhimani.com

Related News