കലാപത്തീയിൽ മണിപ്പുർ ; ക്രിസ്‌മസിലും തോരാകണ്ണീര്‍...
ഇംഫാൽ/ന്യൂഡൽഹി കലാപവും ദുരിതങ്ങളും വിട്ടൊഴിയാതെ മണിപ്പുരിൽ വീണ്ടും ക്രിസ്‌മസ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടർന്ന് പതിനായിരങ്ങൾ ഇപ്പോഴും ഭവനരഹിതരാണ്. വീടുകളിൽ കഴിയുന്നവർക്കും ജോലിയും കൂലിയും പരിമിതം. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവർക്ക് കാർഷികവിളകൾ വിറ്റ് വരുമാനമുണ്ടാക്കാനും കഴിയുന്നില്ല. എല്ലാ നവംബറിലും നടന്നുവന്ന പ്രശസ്‌തമായ സാങ്‌ഹായി മേള മുടങ്ങി. പതിനായിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അരക്ഷിതാവസ്ഥയ്‌ക്ക് പരിഹാരമില്ല. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാർ നിഷ്‌ക്രിയം. കേന്ദ്രം ഇടപെടാനോ രാഷ്‌ട്രീയപരിഹാരം കാണാനോ തയ്യാറാകുന്നില്ല. കലാപം പൊട്ടിപുറപ്പെട്ടശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. 250ൽ ഏറെപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഇതിലേറെ പേർ ജീവച്ഛവമായി കഴിയുന്നു. മതിയായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. ആയിരക്കണക്കിനുപേർ മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറുകയോ താൽക്കാലിക അഭയം കണ്ടെത്തുകയോ ചെയ്‌തു. കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സൈനികരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്‌മസ് ആഘോഷം നടത്തി. ഇതിനിടെ, ഡൽഹി ഗോൾഡ ഖാനയിലെ സിബിസിഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 2023 ഏപ്രിൽ ഒൻപതിന്, ഈസ്‌റ്റർ പ്രമാണിച്ച് ഗോൾഡ ഖാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മോദി സന്ദർശനം നടത്തിയിരുന്നു. ജർമനി, ശ്രീലങ്ക ആക്രമണങ്ങൾ ദുഃഖകരം: മോദി ജർമനിയിലും ശ്രീലങ്കയിലും ക്രൈസ്‌തവർക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ച പ്രസംഗത്തിൽ മണിപ്പുർ കലാപം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിസിഐയുടെ ക്രിസ്‌മസ് ആഘോഷത്തിൽ സംസാരിക്കവെയാണ് മോദിയുടെ ഇരട്ടത്താപ്പ്. ജർമനിയിൽ ക്രിസ്‌മസ് ചന്തയിൽ ഉണ്ടായ ആക്രമണവും ശ്രീലങ്കയിൽ 2019ൽ പള്ളികൾക്കുനേരെ നടന്ന ബോംബാക്രമണവും മോദി എടുത്തുപറഞ്ഞു. എന്നാൽ മണിപ്പുരിൽ 2023 മെയ് മാസത്തിൽ ഇരുന്നൂറിൽപരം പള്ളികൾ തകർക്കപ്പെട്ടതിൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഗോൾഡഖാനയിലെ വേദിയിൽ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്. വിവിധ ക്രൈസ്‌തവ സഭകളുടെ കർദിനാൾമാരും ബിഷപ്പുമാരും പങ്കെടുത്തു. Read on deshabhimani.com