പള്ളി പൊളിക്കണമെന്ന് ആവശ്യം ; ഉത്തരകാശിയിൽ സംഘപരിവാർ ആക്രമണം , 30പേർക്ക് പരിക്ക്
ഡെറാഡൂൺ ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ മുസ്ലിം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ അക്രമം. അഞ്ചുപൊലീസുകാരടക്കം 30 പേർക്ക് പരിക്കേറ്റു. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്‌ച റാലിയായി സംഘടിച്ചെത്തിയ സംഘപരിവാറുകാരാണ് അക്രമാസക്തരായത്. പൊലീസുനേരെ കല്ലെറിഞ്ഞു. സന്യൂക്ത് സനാതൻ ധർമ രക്‌ക്ഷക് ദൾ ആഭിമുഖ്യത്തിൽ ജൻആക്രോശ് എന്നപേരിലാണ് റാലി സംഘടിപ്പിച്ചത്. ബജരംഗ്‌ദൾ, ദേവ്ഭൂമി രക്ഷ അഭിയാൻ അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകളാണ് റാലിയിൽ പങ്കെടുത്തത്. ചർധം യാത്രയുടെ ഭാഗമായി റാലി സംഘടിപ്പിക്കാൻ അനുവാദം നൽകിയിരുന്നുവെന്നും എന്നാൽ അനുവാദം നൽകാത്ത വഴിയിലൂടെ എത്തി പൊലീസ് ബാരിക്കേഡ് തകർത്താണ് അക്രമം അഴിച്ചുവിട്ടതെന്നും ഉത്തരകാശി എസ്‌പി അമിത് ശ്രീവാസ്‌തവ അറിയിച്ചു. പള്ളി നിർമിച്ചത് സർക്കാർ ഭൂമിയിലാണെന്നും ഇത് നേരത്തെ ഹിന്ദു വിഭാഗത്തിൽപ്പെട്ടയാളുടെ സ്ഥലമായിരുന്നുവെന്നാണ് സംഘപരിവാറിന്റെ വാദം. എന്നാൽ പള്ളി നിയമാനുസൃതമായി ഉണ്ടാക്കിയതാണെന്നും അതിന്റെ രേഖകൾ ഉണ്ടെന്നും ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ഈ മാസമാദ്യം വാർത്താസമ്മേളനം വിളിച്ചു വ്യക്തമാക്കിയി രുന്നു. കഴിഞ്ഞവർഷം പുരോള നഗരത്തിൽനിന്നും മുസ്ലിംകൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ദേവ്‌ഭൂമി രക്ഷ അഭിയാൻ ആഭിമുഖ്യത്തിൽ അക്രമം അഴിച്ചുവിട്ടിരുന്നു. ഭയന്ന് നിരവധി കുടുംബങ്ങൾ ഇവിടെനിന്നും പലായനംചെയ്‌തിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപ്പെട്ടാണ് സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചത്. Read on deshabhimani.com