കേന്ദ്രത്തിന്റെ സംവരണ നയത്തിനെതിരെ ജമ്മു കശ്‌മീരിൽ വിദ്യാർഥി പ്രക്ഷോഭം



ശ്രീനഗർ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ സംവരണ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവരണത്തിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട്‌ ഓപ്പൺ മെറിറ്റ് സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ വിദ്യാർഥികൾ പ്രക്ഷോഭരംഗത്തുള്ളത്‌. സംസ്ഥാനം ഭരിക്കുന്ന നാഷണൽ കോൺഫറൻസ്‌ (എൻസി) പാർടി അംഗമായ എംപി ആഗ റുഹുല്ല മെഹ്ദി, പിഡിപി നേതാവ്‌ ഇൽതിജ മുഫ്തി, മറ്റ്‌ പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും പ്രതിഷേധത്തിൽ അണിചേർന്നു. എൻസി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുംമുമ്പ്‌ ലഫ്‌.ഗവർണർ മനോജ്‌ സിൻഹയാണ്‌ 2005ലെ ജമ്മു കശ്മീർ സംവരണ ചട്ടം ഏകപക്ഷീയമായി ഭേദഗതി ചെയ്‌തത്‌. വിവിധ സംവരണ വിഭാഗത്തിനുള്ള ക്വോട്ട 60 ശതമാനമായി ഉയർന്നു. പൊതുവിഭാഗത്തിലുള്ളവർക്കുള്ള സാധ്യത 40 ശതമാനമായി ചുരുങ്ങിയെന്നും അത്‌ പരിഹരിക്കണമെന്നുമാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം. കനത്ത മഞ്ഞുവീഴ്‌ചയ്‌ക്കിടെ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ വസതിക്ക്‌ മുന്നിൽ പ്രക്ഷോഭകർ സമാധാനപരമായി തിങ്കളാഴ്‌ച പ്രതിഷേധിച്ചു. സമരക്കാരെ വീട്ടിലേയ്‌ക്ക്‌ ക്ഷണിച്ച ഒമർ ചർച്ച നടത്തി. സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതിക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ ആറുമാസം സമയം വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കശ്‌മീരിലെ 69 ശതമാനം ജനങ്ങളും പൊതുവിഭാഗത്തിലാണെന്നും ഇവർക്ക്‌ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യത 40 ശതമാനമാക്കി കുറയ്‌ക്കരുതെന്നുമാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം. ദുർബല വിഭാഗങ്ങളുടെ സംവരണം തുടരണമെന്നും അതേസമയം, തുല്യനീതി പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പഹാഡി, പദ്ദാരി, കോലി, ഗദ്ദ ബ്രാഹ്മണർ വിഭാഗങ്ങൾക്ക്‌ എസ്‌ടി പദവി നൽകി പത്തുശതമാനം സംവരണം നടപ്പാക്കിയതാണ്‌ സംവരണത്തിന്റെ ആകെ പരിധി അറുപതാക്കിയത്‌. Read on deshabhimani.com

Related News