സഭാനേതാക്കളുടെ ക്രിസ്‌മസ്‌ ആഘോഷം ; നരേന്ദ്ര മോദിയെ 
അതിഥിയാക്കിയതിൽ വിമർശം



ന്യൂഡൽഹി ബിജെപി പിന്തുണയ്‌ക്കുന്ന സംഘങ്ങൾ രാജ്യത്ത്‌ ക്രൈസ്‌തവർക്കുനേരെ തുടർച്ചയായി ആക്രമണം നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിബിസിഐ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ക്ഷണിച്ചുവരുത്തിയത്‌ വിചിത്രമാണെന്ന്‌ വിവിധ സാമൂഹിക മേഖലകളിലെ 200ഓളം പേർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ഒട്ടേറെ സംസ്ഥാനങ്ങളിൽ വിഎച്ച്‌പി, ബജ്‌രംഗ്‌ദൾ തുടങ്ങിയ സംഘടനകൾ ക്രൈസ്‌തവരെ വേട്ടയാടുന്നു.     2021ൽ ക്രൈസ്‌തവർക്കെതിരായി 327 ആക്രമണം നടന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്‌. ക്രൈസ്‌തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം നേരിടുന്ന മോദിയെയാണ്‌ സഭാ നേതാക്കൾ ആഘോഷത്തിൽ അതിഥിയാക്കിയത്‌.    മോദിസർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം വർഷന്തോറും ക്രൈസ്‌തവവേട്ടയുടെ തീവ്രത വർധിക്കുന്നതായി യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം റിപ്പോർട്ടിൽ പറയുന്നു. 2014ൽ 127 അക്രമസംഭവമാണ്‌ നടന്നതെങ്കിൽ ഇക്കൊല്ലം 11 മാസത്തിൽ 745 ആക്രമണം രേഖപ്പെടുത്തി. 2021ൽ രാജ്യത്ത്‌ 15 പള്ളി കത്തിച്ചു. 2022ൽ ഡൽഹിയിൽ അടക്കം ഒട്ടേറെ പള്ളികൾ ആക്രമിക്കപ്പെട്ടു. മണിപ്പുരിൽ കലാപത്തെതുടർന്ന്‌ 200ഓളം പള്ളികൾ തകർത്തു. ജീവൻ നഷ്ടമായവർ ഏറെ. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ രാജ്യാന്തര സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. അതേസമയം, ക്രൈസ്‌തവവേട്ട തടയുന്നതിൽ മോദിസർക്കാർ നിഷ്‌ക്രിയമാണ്‌.  ഇതിനെതിരെ ക്രൈസ്‌തവ നേതൃത്വം ശബ്ദമുയർത്തുകയാണ്‌ വേണ്ടതെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു. തുഷാർ ഗാന്ധി, ഫാ. സെഡ്രിക്‌ പ്രകാശ്‌, ജോൺ ദയാൽ, ആനി രാജ, പ്രകാശ്‌ ലൂയിസ്‌, ആനി ഫിലിപ്പോസ്‌, അലോഷ്യസ്‌ ഇരുദയം, മീനാക്ഷി സിങ്‌, ആനി ഭയ്യ, വിനോദ്‌ പാണ്ഡ തുടങ്ങിയവരാണ്‌ പ്രസ്‌താവനയിൽ ഒപ്പിട്ടത്‌. Read on deshabhimani.com

Related News