പ്രാധാന്യം പൗരന്മാരുടെ ആരോഗ്യത്തിന്: സുപ്രീംകോടതി
ന്യൂഡൽഹി അന്താരാഷ്ട്ര വിമാനങ്ങളിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാത്തതിന് എയർഇന്ത്യക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി വിമർശം. പൗരന്മാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ജൂൺ ആറുവരെയുള്ള വിമാനങ്ങളുടെ ബുക്കിങ് പൂർത്തിയായ സാഹചര്യത്തിൽ ആ വിമാനങ്ങളിൽ മുഴുവൻ സീറ്റിലും ആൾക്കാരെ കൊണ്ടുവരാൻ എയർഇന്ത്യക്ക് കോടതി അനുമതി നൽകി. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ ഇളവ്. അന്താരാഷ്ട്ര വിമാനങ്ങളിൽ നടുവിലെ സീറ്റുകൾ ഒഴിച്ചിടണമെന്ന് ബോംബെ ഹൈക്കോടതി മെയ് 22ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് വ്യോമയാനമന്ത്രാലയവും എയർഇന്ത്യയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വിമാനക്കമ്പനിയുടെ ആരോഗ്യത്തിനേക്കാൾ സർക്കാർ പൊതുജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ട സമയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ബോംബെ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കൃത്യമായി പാലിക്കാനും സുപ്രീംകോടതി നിർദേശിച്ചു. Read on deshabhimani.com