ഹിമാചലിലെ വര്‍ഗീയ സംഘര്‍ഷാവസ്ഥ ; കോൺഗ്രസ് സര്‍ക്കാര്‍ നിഷ്‌ക്രിയം , വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി ഹിമാചൽ പ്രദേശിൽ വര്‍ഗീയ സംഘര്‍ഷാവസ്ഥ വ്യാപിക്കാൻ കോൺഗ്രസ് സര്‍ക്കാരിന്റെ നിഷ്‍ക്രിയത്വവും മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങളും വഴിമരുന്നായെന്ന് പൗരാവകാശ സംഘടനയായ അസോസിയേഷൻ ഫോര്‍ പ്രൊട്ടക്‍ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ (എപിസിആര്‍)വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നിയമവാഴ്‌ച തകർന്നതോടെ മുസ്ലിങ്ങള്‍ ഭീതിയിലാണെന്നും സംഘര്‍ഷം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ പറഞ്ഞു. ഡൽഹിയിൽ സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, സഞ്ജയ് ഹെഗ്ഡെ, ആക്ടിവിസ്റ്റ് സെയ്‌ദ ഹമീദ്, ഷിംല മുന്‍ ഡെപ്യൂട്ടി മേയര്‍ ടികെന്ദര്‍ പൻവാര്‍ തുടങ്ങിയവരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഷിംല സഞ്ജൗലി പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധമാണ് ഹിമാചലിൽ വര്‍ഗീയ സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. ആരോപിക്കപ്പെടുന്ന അനധികൃത ഭാഗം പൊളിക്കാൻ മുസ്ലിം സമൂഹം സ്വയം സന്നദ്ധമായെങ്കിലും പള്ളി പൂര്‍ണമായി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം തുടര്‍ന്നു. സെപ്തംബർ 11-ന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. മന്ത്രിമാരായ വിക്രമാദിത്യസിങ്, അനിരുദ്ധ് സിങ് എന്നീ മന്ത്രിമാരുടെ പ്രസംഗം എരിതീയിൽ എണ്ണയൊഴിക്കുന്നതായി. കടകള്‍ക്ക് പുറത്ത് ഉടമകളുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന് വിക്രമാദിത്യസിങ് ആവശ്യപ്പെട്ടു. "പുറത്തുനിന്നുള്ളവര്‍' സഞ്ജൗലി പള്ളി വിഷയത്തിൽ സുഖ്‍വീന്ദര്‍ സിങ് സുഖു സർക്കാരിന്റെ നിഷ്‌ക്രിയത്വം സാമുദായിക സംഘർഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ കാരണമായി. മണ്ഡിയിലും പാലംപുരിലും സഞ്ജൗലിയിലും കുളുവിലും സോളനിലും കടകള്‍ തകര്‍ത്തു. "പുറത്തുനിന്നുള്ളവര്‍' എന്ന് വിളിച്ചാണ് മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നത്. പ്രതിഷേധസമയത്ത് മുസ്ലിങ്ങള്‍ വീടുകളിൽ ഒളിച്ചിരുന്നു. പലര്‍ക്കും പൊലീസ് സ്റ്റേഷനിൽ പോയി തിരിച്ചറിയിൽ രേഖ നൽകേണ്ടിവരെ വന്നു. സംഘര്‍ഷത്തെ അതിജീവിച്ചവരുടെയും സാക്ഷികളുടെയും മൊഴികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Read on deshabhimani.com