പശ്ചാത്തലസൗകര്യം ഉപയോഗപ്പെടുത്തണം ; കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
ന്യൂഡൽഹി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ യുപി, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. മൂന്നാഴ്ചയായി ഈ സംസ്ഥാനങ്ങളിൽ രോഗികൾ വലിയതോതിൽ വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യസെക്രട്ടറി പ്രീതി സുദൻ അഞ്ച് സംസ്ഥാനങ്ങളിലെയും ചീഫ്‌സെക്രട്ടറിമാരുമായി ടെലികോൺഫറൻസിങ്ങിലൂടെ സ്ഥിതിഗതി വിലയിരുത്തി. ആരോഗ്യമേഖലയിൽ ലഭ്യമായ പശ്‌ചാത്തലസൗകര്യങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ, ഐസിയു–- വെന്റിലേറ്റർ–- ഓക്‌സിജൻ സൗകര്യങ്ങളുള്ള ആശുപത്രികൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തണം. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വിന്യസിക്കണം. സൗകര്യമുള്ള കെട്ടിടങ്ങളിൽ താൽക്കാലിക ഉപആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണം. കൂടുതൽ പ്രതിരോധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. അതിഥിത്തൊഴിലാളികൾ വർധിക്കുന്ന സാഹചര്യത്തിൽ ആശാ പ്രവർത്തകർ, ആക്‌സിലറി നേഴ്‌സുമാർ എന്നിവർക്ക് അധിക ആനുകൂല്യം നൽകണം. പിപിഇ കിറ്റുകൾ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സ്വകാര്യ ആശുപത്രികൾ, സ്വയംസഹായ സംഘങ്ങൾ, സന്നദ്ധസംഘങ്ങൾ എന്നിവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഇതര രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടുള്ള അവശ്യആരോഗ്യ പരിപാടികൾ മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകണം–- കേന്ദ്രം ആവശ്യപ്പെട്ടു. Read on deshabhimani.com