സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടക്കാലവിധി കുതിരക്കച്ചവടം പൊളിച്ചു



ന്യൂഡൽഹി കുതിരക്കച്ചവടം തടയാനും സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കാനും മഹാരാഷ്ട്രയില്‍ എത്രയുംവേഗം വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടക്കാലവിധി. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുമുമ്പായി പ്രൊടെം സ്‌പീക്കറെ നിയമിക്കണം. 1988ലെ ജഗംദബികാപാൽ കേസ്‌, 1994ലെ എസ്‌ ആർ ബൊമ്മൈ കേസ്‌, സമീപകാലത്ത്‌ പുറപ്പെടുവിച്ച ഉത്തരാഖണ്ഡ്‌, ഗോവ, കർണാടക നിയമസഭാ കേസുകൾ എന്നിവയുടെ ചുവടുപിടിച്ചാണ്‌ ഇടക്കാല ഉത്തരവ്‌.  ശിവസേന, കോൺഗ്രസ്‌, എൻസിപി എന്നീ കക്ഷികളുടെ റിട്ട്‌ ഹർജിയാണ് പരി​ഗണിച്ചത്. ഭരണഘടനയുടെ 212–-ാം അനുച്‌ഛേദപ്രകാരം സഭാനടപടികൾ തീരുമാനിക്കാൻ കോടതികൾക്ക്‌ അധികാരമില്ലെന്ന വാദം മൂന്നംഗ ബെഞ്ച്‌ തള്ളി. സഭയ്‌ക്കുള്ളിലെ നടപടിക്രമങ്ങൾ പിന്നീട്‌ കോടതികളിൽ ചോദ്യംചെയ്യാനാകില്ലെന്ന്‌ മാത്രമാണ്‌ 212–-ാം അനുച്‌ഛേദത്തിലുള്ളത്. ഏതെങ്കിലും സഭാനടപടി ചോദ്യംചെയ്യുന്ന കേസല്ല ഇതെന്നും ജസ്‌റ്റിസുമാരായ എൻ വി രമണ, അശോക് ഭൂഷൺ, സ‌ഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച്‌ ഓർമപ്പെടുത്തി. വിശ്വാസവോട്ടില്‍ തീരുമാനം ഗവർണർക്ക് വിടണമെന്നും സ്‌പീക്കർ തെരഞ്ഞെടുപ്പാണ്‌ ആദ്യം വേണ്ടതെന്നുമുള്ള വാദവും പരിഗണിച്ചില്ല.  കോടതി നിര്‍ദേശിച്ചത്‌ വിശ്വാസവോട്ടിനായി പ്രോടെം സ്‌പീക്കറെ എത്രയുംവേഗം തെരഞ്ഞെടുക്കണം. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിനുമുമ്പായി എംഎൽഎമാര്‍ സത്യപ്രതി‌ജ്ഞ ചെയ്യണം. തുടര്‍ന്ന് വിശ്വാസവോട്ട് നടത്തി ഫഡ്നാവിസിന് ഭൂരിപക്ഷമുണ്ടോയെന്ന്‌ പ്രോടെംസ്‌പീക്കർ കണ്ടെത്തണം. രഹസ്യബാലറ്റ്‌ പാടില്ല. സഭാനടപടി തൽസമയം സംപ്രേഷണം ചെയ്യണം. Read on deshabhimani.com

Related News