നാടൻതോക്കുകൊണ്ട്‌ പൊലീസ്‌ 
വെടിവച്ചുവെന്ന്‌ മസ്‌ജിദ്‌ കമ്മിറ്റി ചെയർമാൻ



ന്യൂഡൽഹി ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്‌ജിദിലെ സർവേക്കിടെയുണ്ടായ വെടിവയ്‌പിൽ അഞ്ച്‌ മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടതിൽ പൊലീസിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ. നാടൻതോക്കുപയോഗിച്ച്‌ പൊലീസ്‌ തന്റെ മുന്നിൽവച്ചാണ്‌ ജനക്കൂട്ടത്തിനുനേരെ വെടിവച്ചതെന്ന്‌ ചെയർമാൻ സഫർ അലി വെളിപ്പെടുത്തി. സർവേയെപ്പറ്റി മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിന്‌ പിന്നാലെ സഫർ അലിയെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. മണിക്കൂറുകൾനീണ്ട ചോദ്യം ചെയ്യലിനുശേഷമാണ്‌ വിട്ടയച്ചത്‌. ‘പൊലീസ്‌ എന്റെ തൊട്ടുമുന്നിൽ നിന്നാണ്‌ വെടിവച്ചത്‌. എസ്‌ഡിഎമ്മും പൊലീസ്‌ സർക്കിൾ ഓഫീസറുമാണ്‌ സംഘർഷത്തിന്‌ കാരണം. വുളു ചെയ്യാനുള്ള കുളം വറ്റിച്ചു കുഴിച്ചുനോക്കിയെങ്കിലും മണ്ണാണ്‌ പുറത്തുവന്നത്‌. ഇതിന്റെ അളവെടുക്കാൻ സർവേസംഘം തയ്യാറായില്ല. വീഡിയോമാത്രമാണ്‌ എടുത്തത്‌.  വിവരമറിഞ്ഞ്‌ സംഘടിച്ചവരോട്‌ സർക്കിൾ ഓഫീസർ മോശമായി പെരുമാറി. വെടിവയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. ലാത്തിച്ചാർജിന്‌ നിർദേശിച്ചു–-അലി മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം സംയുക്ത വാർത്താസമ്മേളനം വിളിച്ച എസ്‌പി കൃഷ്‌ണൻ കുമാർ ബിഷ്‌ണോയിയും ജില്ല മജിസ്‌ട്രറ്റ്‌ രാജേന്ദർ പെൻസിയയും ആരോപണങ്ങൾ തള്ളി. പൊലീസ്‌ നാടൻതോക്ക്‌ ഉപയോഗിച്ചിട്ടില്ലെന്ന്‌ ഇവർ അവകാശപ്പെട്ടു. സംഘർഷത്തിൽ മൂന്നുസ്‌ത്രീകളടക്കം 25 പേരെ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തു. കണ്ടാലറിയുന്ന 3,500 പേരെ പ്രതി ചേർത്തിട്ടുണ്ട്‌. വെടിവച്ചത്‌ സ്വയം പ്രതിരോധിക്കാനായിരുന്നുവെന്ന്‌ പൊലീസ്‌ സർക്കിൾ ഓഫീസർ അനുജ് ചൗധരി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച മസ്‌ജിദിന്‌ പുറത്ത്‌ വിന്യസിച്ച ദ്രുതകർമസേന ഫ്ലാഗ്‌മാർച്ച്‌ നടത്തി. മസ്‌ജിദിലേക്കുള്ള വഴികൾ അടച്ചു. കടകൾ തുറന്നിട്ടില്ല. വെടിവയ്‌പിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഡൽഹിയിലെ യുപി ഭവനിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. നൂറുകണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾക്ക്‌ നേരെ പൊലീസ്‌ അതിക്രമവുമുണ്ടായി. Read on deshabhimani.com

Related News