വഖഫ്‌ ബിൽ ; പ്രതിപക്ഷത്തിന്റെ എതിർപ്പ്‌ , ജെപിസി കാലാവധി നീട്ടി



ന്യൂഡൽഹി വഖഫ്‌ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററിസമിതിയുടെ (ജെപിസി) കാലാവധി അടുത്ത ബജറ്റ്‌ സമ്മേളനത്തിന്റെ അവസാനദിവസം വരെ നീട്ടും. ബുധനാഴ്‌ച ചേർന്ന ജെപിസി യോഗത്തിലാണ്‌ ധാരണ. റിപ്പോർട്ട്‌ സമർപ്പിക്കാൻ ജെപിസിക്ക്‌ അനുവദിച്ചിരുന്ന സമയപരിധി വെള്ളിയാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ സുപ്രധാന തീരുമാനം. വ്യാഴാഴ്‌ച ലോക്‌സഭയിൽ ജെപിസി കാലാവധി നീട്ടിയുള്ള പ്രമേയം അധ്യക്ഷൻ ജഗദംബികാ പാൽ അവതരിപ്പിക്കും. ബുധനാഴ്‌ച ചേർന്ന യോഗത്തിൽ ജെപിസി കാലാവധി നീട്ടണമെന്ന ആവശ്യം സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ ശക്തമായി മുന്നോട്ടുവച്ചു. എന്നാൽ അനുവദിച്ച സമയത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന നിലപാടാണ്‌ സമിതി അധ്യക്ഷൻ ജഗദംബികാ പാൽ സ്വീകരിച്ചത്‌. ഇതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്‌ക്കരിച്ച്‌ പുറത്തിറങ്ങി. അതേ സമയം ജെപിസി കാലാവധി നീട്ടാമെന്ന നിർദേശം സമിതിയിലെ ബിജെപി അംഗം നിഷികാന്ത്‌ ദുബെയ്‌ക്ക്‌ ബിജെപി നേതൃത്വത്തിൽനിന്ന്‌ ലഭിച്ചു. ദുബെ ഇതാവശ്യപ്പെട്ടുള്ള കത്ത്‌ ജഗദംബികാ പാലിന്‌ കൈമാറി. തുടർന്നാണ്‌ കാലാവധി നീട്ടാമെന്ന്‌ ധാരണയായത്‌. വഖഫ്‌ ഭൂമി കൂടുതലായുള്ള ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട എല്ലാവരിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ജെപിസി കാലാവധി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവച്ചത്‌. വിവിധ മന്ത്രാലയങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമായി കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നും അതുകൊണ്ടാണ്‌ കാലാവധി നീട്ടുന്നതെന്നും ജഗദംബികാ പാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. സർക്കാർ വസ്‌തുക്കളിൽ വഖഫ്‌ അവകാശം ഉന്നയിക്കുന്ന ഒഡിഷ, യുപി, മധ്യപ്രദേശ്‌, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിൽനിന്നും വിവരങ്ങൾ എടുക്കണം–-ജഗദംബികാ പാൽ പറഞ്ഞു. വഖഫ്‌ ബോർഡ്‌ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുമെന്ന വ്യവസ്ഥയാണ്‌ ബില്ലിലെ പ്രധാന ഭേദഗതി. ബോർഡിന്റെ സിഇഒ മുസ്ലിമായിരിക്കണമെന്ന നിർബന്ധമുണ്ടാകില്ല. സർക്കാർ പ്രതിനിധികളെയും ബോർഡിൽ ഉൾപ്പെടുത്തും. ഇവരും മുസ്ലിങ്ങളായിരിക്കണമെന്ന്‌ നിർബന്ധമില്ല. ബോർഡിൽ സ്‌ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വ്യവസ്ഥയും ബില്ലിലുണ്ട്‌. Read on deshabhimani.com

Related News