റബർ കർഷക പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ കർഷകസംഘം പ്രക്ഷോഭത്തിന്‌



തിരുവനന്തപുരം റബർ കർഷകരെ സഹായിക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രാദേശിക പ്രക്ഷോഭമുയർത്തിക്കൊണ്ടുവരാൻ കർഷകസംഘം സംസ്ഥാന കമ്മിറ്റി  തീരുമാനിച്ചു.കർഷകരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത്‌   പ്രതിഷേധാർഹമാണ്‌. ദുരിതത്തിലായ റബർ കർഷകരെ സഹായിക്കാനാകില്ലെന്ന്‌   കഴിഞ്ഞ ദിവസം മന്ത്രി പീയൂഷ് ഗോയൽ തന്നെയാണ്‌ പാർലമെന്റിൽ വ്യക്തമാക്കിയത്‌. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാണിച്ചും പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടും ഇടത് എംപിമാർ നൽകിയ നിവേദനത്തിനായിരുന്നു മറുപടി. മിശ്രിത റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട ബജറ്റ്‌ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്‌. ആസിയാൻ കരാറിനെ തുടർന്ന്‌ നികുതി ഇളവോടുകൂടിയുള്ള റബർ ഇറക്കുമതിയാണ്‌ കർഷകരെ ദുരിതത്തിലാക്കിയത്.  ആസിയാൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇറക്കുമതിക്ക് നികുതി വർധിപ്പിക്കണമെന്നാണ് കേരള കർഷകസംഘവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കുന്ന 25 വിളകളുടെ കൂട്ടത്തിൽ റബറില്ല.  റബർ കർഷകരെ സഹായിക്കലാണ് കേന്ദ്രലക്ഷ്യമെങ്കിൽ മിശ്രിത, സ്വാഭാവിക റബർ ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തണം, താങ്ങുവില പ്രഖ്യാപിക്കണം.  സമരത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്നും കർഷകസംഘം അഭ്യർഥിച്ചു. Read on deshabhimani.com

Related News