അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കണം, പട്ടിണിക്കിടരുത്‌ : സുപ്രീംകോടതി



ന്യൂഡൽഹി അടച്ചുപൂട്ടലിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന്‌ സുപ്രീംകോടതി. അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെയും ചില സംസ്ഥാന സർക്കാരുകളുടെയും ഭാഗത്ത്‌‌ വീഴ്‌ച ഉണ്ടായെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇടപെടൽ. ഇവർക്ക്‌ ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കണമെന്നും ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ഇടക്കാല വിധി‌ പുറപ്പെടുവിച്ചു. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ, അവശ്യസാധനങ്ങൾ എത്തിക്കൽ, മടക്കയാത്ര തുടങ്ങിയവയിൽ കാര്യമായ വീഴ്‌ചയുണ്ടായി. ആവശ്യത്തിന്‌‌‌ സഹായം ലഭിക്കുന്നില്ല. എഫ്‌സിഐയിൽ അധിക ധാന്യമുള്ളപ്പോൾ പട്ടിണി കിടക്കേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആഴ്‌ചകളായിട്ടും മടങ്ങാൻ പറ്റുന്നില്ല‌. സംസ്ഥാനങ്ങൾ ട്രെയിനുകൾ ആവശ്യപ്പെടുമ്പോൾ റെയിൽവേ അനുവദിക്കണം. ചില സംസ്ഥാനങ്ങൾ തൊഴിലാളികളെ സ്വീകരിക്കുന്നതിൽ വിമുഖരാണ്‌. ഇത്തരം വിഷയങ്ങളിൽ  നയമുണ്ടാക്കണം‌. അതിഥിത്തൊഴിലാളികൾക്കായി എന്തൊക്കെ നടപടി സ്വീകരിച്ചന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജൂൺ അഞ്ചിനുള്ളിൽ കോടതിയെ അറിയിക്കണം. വിഷയം അന്ന്‌ വീണ്ടും പരിഗണിക്കും.   നിർദേശങ്ങൾ ● യാത്രച്ചെലവ് (ട്രെയിൻ/ബസ്‌ ചാർജുകൾ)‌ സംബന്ധിച്ച്‌ സംസ്ഥാനങ്ങൾ ധാരണയിലെത്തണം ● കുടുങ്ങിക്കിടക്കുന്നവർക്ക്‌ സംസ്ഥാന സർക്കാരുകൾ ഭക്ഷണം നൽകണം. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങൾ പരസ്യപ്പെടുത്തണം. ● യാത്ര പുറപ്പെടുന്ന സംസ്ഥാനത്തുനിന്ന്‌‌ ഭക്ഷണവും വെള്ളവും നൽകണം. യാത്രയ്‌ക്കിടെയുള്ള ഭക്ഷണം റെയിൽവേ നൽകണം. നാട്ടിലെത്തിയാൽ വീട്‌ എത്തുന്നതുവരെ ഭക്ഷണം അവിടത്തെ സർക്കാർ നൽകണം.  ഈ സൗകര്യം ബസ്‌ യാത്രക്കാർക്കും നൽകണം ● രജിസ്‌ട്രേഷൻ വേഗം പൂർത്തിയാക്കണം. ട്രെയിൻ, ബസ്‌ തീയതിയും സമയവും നേരത്തേ അറിയിക്കാൻ താമസസ്ഥലത്തിനടുത്ത്‌ ഹെൽപ്‌ ഡെസ്‌കുകൾ വേണം. യാത്രാവിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തണം. ● തൊഴിലാളി നടക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള ക്യാമ്പിൽ എത്തിക്കണം. ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യണം   എന്തിനും തയ്യാറെന്ന്‌ കേരളം 55 ട്രെയിനിൽ 70,137 അതിഥിത്തൊഴിലാളികളെ സ്വദേശത്തെത്തിച്ചെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിച്ചു. 21,556 ക്യാമ്പുകളിൽ 4,34,280 തൊഴിലാളികൾക്ക്‌ താമസമൊരുക്കി. ഭക്ഷണം, കുടിവെള്ളം, താമസം, മറ്റ്‌ സേവനങ്ങൾ പൂർണമായും സൗജന്യം. പരാതി പരിഹാര സെല്ലിൽ‌ ലഭിച്ച 20,386 പരാതി പരിഹരിച്ചു.  സംസ്ഥാനതല മോണിറ്ററിങ്‌ സമിതി രൂപീകരിച്ചു. തൊഴിലാളിക്ഷേമത്തിനായി‌ സുപ്രീംകോടതി മുന്നോട്ടുവയ്‌ക്കുന്ന ഏത്‌ നിർദേശവും പാലിക്കാൻ തയ്യാറാണ്‌. Read on deshabhimani.com

Related News