സാമ്പത്തികത്തകർച്ച കോവിഡിനും മുമ്പേ ; ഉത്തേജന പാക്കേജുകൾ ഫലം കണ്ടില്ല
ന്യൂഡൽഹി രാജ്യത്തെ സാമ്പത്തികത്തകർച്ച കോവിഡിനും അടച്ചുപൂട്ടലിനും മുമ്പേ രൂക്ഷം. നടപ്പുവർഷം ദേശീയവരുമാനത്തിൽ ഇടിവുണ്ടാകുമെന്നാണ് റിസർവ് ബാങ്ക് നിഗമനം. രാജ്യത്തിന്റെ വാങ്ങൽശേഷിയിൽ പ്രധാന പങ്കുവഹിക്കുന്ന സ്വകാര്യ ഉപഭോഗമേഖലയിൽ കഴിഞ്ഞവർഷം മുരടിപ്പുണ്ടായി. ഓട്ടോമൊബൈൽ മേഖല ഇടിഞ്ഞു. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ബിസ്‌കറ്റ് അടക്കമുള്ള ഉൽപ്പന്നങ്ങൾക്കുപോലും ആവശ്യം കുറഞ്ഞു. റിയൽ എസ്‌റ്റേറ്റ്, നിർമാണമേഖലകൾ മുമ്പേ പ്രതിസന്ധിയിലാണ്. സ്വകാര്യ നിക്ഷേപവും താഴോട്ടാണ്. രണ്ടാം വട്ടം അധികാരത്തിൽ വന്നശേഷം പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ വലുപ്പം അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്നാണ്. 2019–-20ൽ ദേശീയ വരുമാന (ജിഡിപി)വളർച്ച 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് നീങ്ങുമ്പോഴായിരുന്നു ഈ അതിരുകടന്ന ആത്മവിശ്വാസം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലക്ഷ്യം നേടാൻ 2025 വരെയുള്ള കാലത്ത് പ്രതിവർഷം 10 ശതമാനം വളർച്ചനേടണം. അഞ്ചു ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 2019–-20ൽ 4.2 ശതമാനമായി ചുരുങ്ങി. സമ്പദ്‌ഘടനയ്‌ക്ക് ഉത്തേജനം പകരാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജുകൾ ഫലം കണ്ടില്ല. ബാങ്ക് വായ്‌പാ വളർച്ചയും ഇടിഞ്ഞു. റിസർവ് ബാങ്കിൽനിന്ന് കേന്ദ്രം കൈക്കലാക്കിയ 1.76 ലക്ഷം കോടി രൂപ കോർപറേറ്റുകൾക്ക് ഇളവുകൾ നൽകാനാണ് വിനിയോഗിച്ചത്. ഇക്കൊല്ലം ഫെബ്രുവരിയിൽ രാജ്യത്തെ തൊഴിലില്ലായ്‌മ 7.78 എന്ന റെക്കോഡിൽ എത്തിയെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വ്യക്തമാക്കി. 2019 ഒക്ടോബറിൽ ധനമന്ത്രി നടത്തിയ നിഗമനത്തേക്കാൾ ഉയർന്നതായിരുന്നു ഈ നിരക്ക്. അടച്ചുപൂട്ടലിന്റെ ആദ്യ മാസം 14 കോടി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. Read on deshabhimani.com