ശാസ്‌ത്ര ഗവേഷണം ; ഫെലോഷിപ്പും ഗ്രാന്റും വെട്ടിക്കുറച്ചു



ന്യൂഡൽഹി രാജ്യത്ത്‌ ശാസ്‌ത്ര ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സിഎസ്ഐആർ  നൽകുന്ന ഫെലോഷിപ്പുകളും ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും പകുതിയിലേറെ വെട്ടിക്കുറച്ചു.  രാജ്യസഭയിൽ  വി ശിവദാസന്‌ നൽകിയ  മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്.  യുജിസി–-നെറ്റ് പരീക്ഷ വഴി ലഭിക്കുന്ന ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പുകൾ  2019ൽ  4,622 എണ്ണമാണ്‌ നൽകിയത്‌.  2020ൽ  ഇത്  2,247 ആക്കി. 2021ൽ  927  ആയി. 2022ൽ  969  എണ്ണം.  കോവിഡ്‌ കാലയളവിലാണ്‌   ഫെലോഷിപ്പുകൾ കുറഞ്ഞതെന്ന്‌  വിശദീകരണമുണ്ട്‌.  എന്നാൽ കോവിഡിനുശേഷം 2023ൽ നൽകിയത്‌  2,646 ഫെലോഷിപ്പാണ്‌. ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്  2019ൽ  72  എണ്ണം നൽകി. 2022 മുതൽ നൽകുന്നില്ല. നെഹ്‌റു സയൻസ് പോസ്‌റ്റ്‌  ഡോക്ടറൽ ഫെലോഷിപ്പ്  2019 ൽ 11  പേർക്ക്‌ ലഭിച്ചു. അഞ്ച്‌  വർഷമായി ഇത്‌ നൽകുന്നില്ല.  2019 ൽ സിമ്പോസിയങ്ങൾക്കായി  നൽകിയത് 2.2 കോടി  രൂപയാണെങ്കില്‍  2023 ൽ അത് 95 ലക്ഷമായി കുറഞ്ഞു.  യാത്രാ ബത്ത ഇനത്തിൽ ഗവേഷകർക്ക് ലഭിക്കുന്ന തുകയിലും വലിയ കുറവുണ്ട്‌. 3 .25 കോടിയായിരുന്നത്‌  1.37 കോടിയായി. ഗവേഷണമാസികകൾക്ക് ജേർണൽ ഗ്രാന്റ് അഞ്ച്‌ വർഷമായി നൽകുന്നില്ല. Read on deshabhimani.com

Related News