സാമ്പത്തികവളർച്ച 11 വർഷത്തെ കുറഞ്ഞ നിരക്കിൽ



ന്യൂഡൽഹി കഴിഞ്ഞ സാമ്പത്തികവർഷം ദേശീയ വരുമാന വളർച്ച 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. 2019–-20ൽ ജിഡിപി വളർച്ച 4.2 ശതമാനമായി ഇടിഞ്ഞെന്ന്‌ ദേശീയ സ്ഥിതിവിവര കണക്ക്‌ ഓഫീസ്‌ വ്യക്തമാക്കി. ഏഴ്‌ ശതമാനത്തിൽ കൂടുതൽ വളർച്ചയാണ്‌ ബജറ്റിൽ ലക്ഷ്യമിട്ടത്‌. പിന്നീട്‌ ലക്ഷ്യം അഞ്ച്‌ ശതമാനമാക്കി. 2018–-19ൽ 6.1 ശതമാനം വളർച്ചയാണ്‌ നേടിയത്‌. പ്രതിശീർഷ വരുമാന വളർച്ച കഴിഞ്ഞ സാമ്പത്തികവർഷം 3.1 ശതമാനമാണ്‌. പ്രതിശീർഷ വരുമാനവളർച്ച  2018–-19ൽ 4.8 ശതമാനമായിരുന്നതാണ്‌ കഴിഞ്ഞവർഷം 3.1 ശതമാനമായി ഇടിഞ്ഞത്‌. കഴിഞ്ഞ ജനുവരി–-മാർച്ചിൽ 3.1 ശതമാനമാണ്‌ വളർച്ച. 2019 ഏപ്രിൽ–-ജൂണിൽ 5.2, ജൂലൈ–-സെപ്‌തംബറിൽ 4.4, ഒക്ടോബർ–-ഡിസംബറിൽ 4.1 എന്നിങ്ങനെ  ക്രമമായി കുറഞ്ഞു. കോവിഡ്‌ അടച്ചുപൂട്ടലിനുമുമ്പേ സാമ്പത്തികത്തകർച്ച രൂക്ഷമായെന്ന് ‌ഈ കണക്ക്‌ വ്യക്തമാക്കുന്നു.  2011–-12ലെ വിലസൂചികയുടെ അടിസ്ഥാനത്തിൽ 2019–-20ൽ ദേശീയ വരുമാനം 145.66 ലക്ഷം കോടി രൂപയാണ്‌. 2018–-19ൽ ഇത്‌ 139.81 ലക്ഷം കോടിയായിരുന്നു. പണപ്പെരുപ്പനിരക്ക്‌ ഒഴിവാക്കാതെ നോക്കിയാൽ 2019–-20ൽ ദേശീയവരുമാനം 203.40 ലക്ഷം കോടി രൂപയാണ്‌.  ജിഡിപിയുടെ 55 ശതമാനം സംഭാവന നൽകുന്ന സേവനമേഖല തളർച്ചയിലാണ്‌. വാണിജ്യവാഹനങ്ങളുടെ വിൽപ്പന  28.8 ശതമാനം ഇടിഞ്ഞു. സിമന്റ്‌, അസംസ്‌കൃത എണ്ണ, കൽക്കരി എന്നിവയുടെ ഉൽപ്പാദനം,  വിമാനത്താവളങ്ങൾ വഴിയുള്ള ചരക്ക്‌ നീക്കം, യാത്രക്കാരുടെ നീക്കം, റെയിൽവേ ഉപയോഗം, എൽഐസി പ്രീമിയം( ഓഹരിവിപണിയുമായി ബന്ധിപ്പിച്ചത്), നിർമിതോൽപ്പാദനമേഖല എന്നിവയിലും ഇടിവുണ്ടായി. ബാങ്ക്‌ നിക്ഷേപം, ബാങ്ക്‌ വായ്‌പ, എൽഐസി പ്രീമിയം(ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്തത്‌‌), ലോഹധാതുക്കൾ എന്നീ മേഖലകളിൽ വളർച്ചയുണ്ടായി. നടപ്പുവർഷം ദേശീയവരുമാനം പോയവർഷത്തെ അപേക്ഷിച്ച്‌ ഇടിയുമെന്നാണ്‌ റിസർവ്‌ ബാങ്കിന്റെയടക്കം നിഗമനം. അടച്ചുപൂട്ടൽകാലത്ത്‌ 14 കോടിയോളം പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. Read on deshabhimani.com

Related News