രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ്; കോവിഡ് മരണത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളി
ന്യൂഡൽഹി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും റെക്കോർഡ് കുതിപ്പ്. തുടർച്ചയായ മൂന്നാം ദിവസവും ഏഴായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച ഇരുന്നൂറിലേറെപ്പേർ മരിച്ചു. ആദ്യമായാണ് ഒരു ദിവസം 200 ലേറെപ്പേർ മരിക്കുന്നത്. 24 മണിക്കൂറിനിടെ 7466 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 175 പേർ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 42.88 ശതമാനമായി. കോവിഡ് മരണത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളി 13–-ാമതെത്തി. രോഗികളുടെ എണ്ണത്തിൽ ഒമ്പതാണ്. ഡൽഹിയിൽ വെള്ളിയാഴ്‌ച 82 മരണം. 1,106 പുതിയ രോഗികൾ. ഇത്രയധികം രോഗികളും മരണവും രാജ്യതലസ്ഥാനത്ത് ആദ്യമാണ്. മഹാരാഷ്ട്രയിൽ 2,682 പുതിയ രോഗികളും 116 മരണവും. മരണം രണ്ടായിരം കടന്നു. ആകെ രോഗികൾ 62,000 കടന്നു. ● തമിഴ്‌നാട്ടിൽ ആകെ രോഗികൾ 20000 കടന്നു. 874 പുതിയ രോഗികകളും ഒമ്പതുമരണവും. ● ബംഗാളിൽ മന്ത്രി സുജിത് ബോസിനും ഭാര്യയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ്. ● കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. ●- ഡൽഹി എയിംസിൽ രണ്ടു റസിഡന്റ് ഡോക്ടർമാർ ഉൾപ്പെടെ 11 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്. ●- മഹാരാഷ്ട്രയിൽ 116 പൊലീസുകാർക്ക് കൂടി കോവിഡ്. ഇതോടെ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 2211 ആയി. മരണം 25 ആയി. ●- രാജ്യസഭാ സെക്രട്ടറിയറ്റ് ഡയറക്ടർക്ക് കോവിഡ്. ●- കഴിഞ്ഞദിവസം മരിച്ച ദൂരദർശൻ ന്യൂസ് ക്യാമറാമാൻ യോഗേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. Read on deshabhimani.com