കശ്‌മീർ കേസ്‌ ഡിസംബർ പത്തിലേക്ക്‌ മാറ്റി



ന്യൂഡൽഹി ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്‌ ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഡിസംബർ 10ലേക്ക്‌ മാറ്റി. വിഷയത്തിൽ നവംബർ 22നുള്ളിൽ മറുപടി സത്യവാങ്‌മൂലം സർപ്പിക്കാൻ കേന്ദ്രസർക്കാരിനോട്‌ അഞ്ചംഗ ഭരണഘടനാ ബൈഞ്ച്‌ നിർദേശിച്ചു.  ജസ്‌റ്റിസുമാരായ എൻ വി രമണ, എസ്‌ കെ കൗൾ, ആർ സുഭാഷ്‌ റെഡ്‌ഡി, ബി ആർ ഗവായ്‌, സൂര്യകാന്ത്‌ എന്നിവരുടെ ബെഞ്ചാണ്‌ ഹർജികൾ പരിഗണിക്കുന്നത്‌. കേസിന്റെ സുഗമമായ നടത്തിപ്പിന്‌ ഇരുഭാഗത്തെയും രേഖകൾ ഏകീകരിച്ച്‌ സമർപ്പിക്കണമെന്ന്‌ കോടതി നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി എസ്‌ പ്രസന്നയും എതിർഭാഗത്തിനുവേണ്ടി അൻകൂർ തൽവാറും വിവരങ്ങൾ ഏകീകരിക്കണം. നിലവിലുള്ള 20 ഹർജിക്ക്‌ പുറമെ വ്യാഴാഴ്‌ച രണ്ട്‌ ഹർജികൂടി കോടതി അനുവദിച്ചു. സേവനങ്ങൾ വിഭജിക്കുന്നതും ആസ്‌തിവിഭജനവും വസ്‌തു കൈമാറ്റവുമടക്കമുള്ള വിഷയങ്ങൾ കോടതി പരിഗണിക്കണമെന്ന്‌ ജമ്മു കശ്‌മീർ പീപ്പിൾസ്‌ കോൺഫറൻസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ്‌ ധവാൻ ആവശ്യപ്പെട്ടു. വിഷയങ്ങൾ ഒരുമിച്ച്‌ പരിഗണിക്കുമെന്ന്‌ കോടതി അറിയിച്ചു. Read on deshabhimani.com

Related News