നിർഭയ കേസ് പ്രതി വിനയ് കുമാറിന്റെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി > നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ പതിനാറിനാണ് വിനയ് ശര്‍മ ഉള്‍പ്പെടെ ആറുപേര്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒന്നാംപ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. വിനയിനെ കൂടാതെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. Read on deshabhimani.com