ഉള്ളി കഴിക്കാറില്ലെന്ന് നിർമല; രോഷം പടരുന്നു



ന്യൂഡൽഹി >  താൻ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്‌താവനയ്‌ക്കെതിരെ പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും വൻ പ്രതിഷേധം. ബുധനാഴ്‌ച ലോക്‌സഭയിലാണ്‌ ഉള്ളിവിലവർധന നിസ്സാരവൽക്കരിച്ച്‌ നിർമല സീതാരാമൻ പ്രസ്‌താവന നടത്തിയത്‌. ഉള്ളിവില എന്തുകൊണ്ടാണ്‌ കുതിച്ചുയരുന്നതെന്ന എൻസിപിയുടെ സുപ്രിയ സുലേയുടെ ചോദ്യത്തിനാണ്‌-  ‘ഞാൻ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. ഉള്ളിയുമായി വലിയ ബന്ധമുള്ള കുടുംബത്തിൽനിന്നല്ല ഞാൻ വരുന്നത്‌’–- എന്ന നിർമല സീതാരാമന്റെ മറുപടി.  മുൻ ധനമന്ത്രി പി ചിദംബരം ഉൾപ്പെടെയുള്ളവർ പ്രസ്‌താവനയെ വിമർശിച്ചു. ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും ധനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. ‘നിർമല സീതാരാമനെ പോലെ പറയൂ’–- എന്ന ഹാഷ്‌ടാഗിൽ  സിനിമകളിലെ നർമസംഭാഷണങ്ങൾ കോർത്തിണക്കിയാണ്‌ പരിഹാസം. അതേസമയം, കേന്ദ്രമന്ത്രി അശ്വിനി ചൗബേ നിർമലയെ പിന്തുണച്ച്‌ പ്രസ്‌താവന നടത്തി. സസ്യഭുക്കായ താൻ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും അതുകൊണ്ട്‌ ഉള്ളിവില എന്താണെന്ന്‌ അറിയില്ലെന്നുമായിരുന്നു ചൗബേയുടെ പ്രസ്‌താവന. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഉള്ളി വില വർധനയെ ന്യായീകരിച്ച്‌  രംഗത്തെത്തിയത്‌ അവരുടെ സവർണ ചിന്തയാലാണെന്നും വിമർശനമുയർന്നു. Read on deshabhimani.com

Related News