ഒരു സഹായവും ലഭിച്ചില്ല: പി ടി ഉഷയ്ക്കെതിരെ വിമർശനവുമായി വിനേഷ് ഫോഗട്ട്
ന്യൂഡൽഹി പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്ന വിമർശവുമായി ഗുസ്‌തിതാരം വിനേഷ് ഫോഗട്ട്. അയോഗ്യയാക്കപ്പെട്ടതിനുപിന്നാലെ ഉഷ ആശുപത്രിയിൽ എത്തിയത്, ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ ഇടാൻ മാത്രമായിരുന്നുവെന്നും വിനേഷ് അഭിമുഖത്തിൽ വിമർശിച്ചു. ‘എന്ത് പിന്തുണയാണ് ഉഷയിൽനിന്ന് ലഭിച്ചതെന്ന് എനിക്കറിയില്ല. ആശുപത്രിക്കിടക്കയിൽ ജീവിതത്തിലെ ദുർഘടഘട്ടത്തെ നേരിടുമ്പോൾ പുറത്ത് എന്താണ് നടക്കുന്നതെന്നുപോലും അറിയുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്നോടൊപ്പമുണ്ടെന്ന് ബോധിപ്പിക്കാൻ ഞാനറിയാതെ ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തു. ഇങ്ങനെയല്ല പിന്തുണ കാണിക്കേണ്ടത്. കപടപെരുമാറ്റം അല്ലാതെ മറ്റെന്താണിത്. പാരിസിലും രാഷ്‌ട്രീയമാണ് കളിച്ചത്’–-വിനേഷ് പറഞ്ഞു. 100 ഗ്രാം അധിക ശരീരഭാരമുണ്ടെന്നുകാട്ടി 50 കിലോ ഫ്രീസ്‌റ്റെൽ ഗുസ്‌തി ഫൈനലിൽനിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. അപ്പീലും തള്ളി. കോൺഗ്രസിൽ ചേർന്ന വിനേഷ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ ബിജെപിയെ നേരിടും. Read on deshabhimani.com