കുട്ടിക്കുറ്റവാളികളോട് കാണിക്കുന്നത് വല്ലാത്ത ദാക്ഷിണ്യം; നിര്‍ഭയ സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ഹൈക്കോടതി



ഇന്‍ഡോര്‍> പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളോട് രാജ്യം വല്ലാത്ത ദാക്ഷിണ്യമാണ് കാണിക്കുന്നതെന്നും നിര്‍ഭയ കൂട്ട ബലാത്സംഗത്തില്‍നിന്നും നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുബോധ് അഭയാങ്കറുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികള്‍ക്ക് രാജ്യത്ത് വല്ലാത്ത ദാക്ഷിണ്യമാണ് ലഭിക്കുന്നതെന്ന് കോടതി പറഞ്ഞു. നിര്‍ഭയ സംഭവത്തില്‍നിന്ന് നമ്മുടെ നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ല. ഈ കേസില്‍ തന്നെ മെഡിക്കല്‍ തെളിവുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിപ്പോയതിലൂടെ എന്നും കോടതി പറഞ്ഞു. 2017ല്‍ പതിനേഴു വയസ്സുള്ളപ്പോള്‍ പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതില്‍ വിചാരണക്കോടതി പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ജുവനൈല്‍ ഹോമില്‍ അയച്ച പ്രതിക്ക് 21 വയസ് ആവുമ്പോള്‍ ജയിലിലേക്കു മാറ്റണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയ പ്രതി 2019ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. നിലവില്‍ ഇയാള്‍ ഒളിവിലാണ്. ഒളിവില്‍ കഴിയുന്ന പ്രതി ഏതെങ്കിലും ഇരുട്ടില്‍ അടുത്ത ഇരയ്ക്കായി കാത്തിരിക്കുന്നുണ്ടാവും. അവിടെ അയാളെ തടയാന്‍ ആരുമുണ്ടാവില്ല. രാജ്യത്തെ കോടതികള്‍ ഇത് വീണ്ടും വീണ്ടും പറയുകയാണ്. എന്നാല്‍ നിയമ നിര്‍മാതാക്കള്‍ അതു പരിഗണിക്കുന്നേയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.   Read on deshabhimani.com

Related News