ലഹരിയെപ്പറ്റിയുള്ള പാട്ടുകൾ വേണ്ട; ദിൽജിത് ദോസാഞ്ജിന് തെലങ്കാന സർക്കാരിന്റെ നോട്ടീസ്
ഹൈദരാബാദ് > നടനും ഗായകനുമായ ദിൽജിത് ദോസാഞ്ജിന് തെലങ്കാന സർക്കാരിന്റെ നോട്ടീസ്. വെള്ളി വൈകിട്ട് ഹൈദരാബാദിൽ നടക്കുന്ന ദിൽ- ലുമിനാറ്റി കൺസേർട്ടിൽ ലഹരിവസ്തുക്കളെപ്പറ്റിയുള്ള പാട്ടുകൾ പാടരുതെന്നാണ് നോട്ടീസ്. മദ്യം, മയക്കുമരുന്ന്, വയലൻസ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങൾ സംഗീതനിശയിൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടാണ് ദിൽജിത്തിനും പരിപാടിയുടെ സംഘാടകർക്കും സർക്കാർ നോട്ടീസ് നൽകിയത്. ദിൽജിത്തിന്റെ മുൻ സംഗീത നിശകളിൽ ഇത്തരത്തിലുള്ള ഗാനങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഡൽഹിയിലും ജയ്പുരിലും സംഘടിപ്പിച്ച ദിൽ-ലുമിനാറ്റി ഷോയിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളുണ്ടായിരുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു. രാജ്യാന്തര സംഗീത നിശകളിലും ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുള്ളതായി വീഡിയോകൾ പ്രചരിച്ചിരുന്നു. ഒക്ടോബർ 26ന് ന്യൂഡൽഹിയിലാണ് രാജ്യത്തെ 11 നഗരങ്ങളിലായി സംഘടിപ്പിക്കുന്ന ദോസാഞ്ജിന്റെ ദിൽ- ലുമിനാറ്റി ടൂർ ആരംഭിച്ചത്. മൂന്നാമത്തെ വേദിയാണ് ഹൈദരാബാദ്. കുട്ടികളെ സ്റ്റേഡിൽ കയറ്ററുതെന്നും നിർദേശമുണ്ട്. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം 13 വയസുവരെയുള്ള കുട്ടികളുടെ കേൾവിയെ ബാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അഹമ്മദാബാദ്, ലക്നൗ, പുണെ, കൊൽക്കത്ത, ബംഗളൂരു, ഇൻഡോർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ദിൽ ലുമിനാറ്റി കൺസേർട്ട് സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 29ന് ഗുവാഹത്തിയിലാണ് അവസാന കൺസേർട്ട്. Read on deshabhimani.com