ശോഭ കരന്തലാജെ ആത്മാർഥമായി മാപ്പു പറയണം; മദ്രാസ് ഹൈക്കോടതി
ചെന്നൈ ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനത്തിൽ തമിഴ്നാട്ടുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിൽ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയാനാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ. എങ്കിൽ പേരിന് മാപ്പുപറഞ്ഞൂരാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. "ആക്ഷേപകരമായ പരാമര്‍ശം നടത്തിയ അതേ ഫോറത്തിലൂടെ ആത്മാര്‍ഥമായി മാപ്പുപറയാൻ തയാറാകണം. അല്ലെങ്കിൽ കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയിൽ വാദം തുടരാം' ജസ്റ്റിസ് ജി ജയചന്ദ്രൻ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ മാപ്പുപറഞ്ഞിട്ടുണ്ടെന്നും ഒത്തുതീര്‍പ്പിന്റെ ഭാഗമായി തമിഴ്നാട് അഡ്വക്കറ്റ് ജനറൽ എഴുതി നൽകിയത് അതുപോലെ പത്രസമ്മേളനം നടത്തി വിളിച്ചുപറയാനാകില്ലെന്നും കേന്ദ്രമന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു ജഡ്ജിന്റെ പ്രതികരണം. ‘തമിഴ്‌നാട്ടിൽ പരിശീലനം നേടിയവരാണു രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിച്ചത്’ എന്ന ശോഭ കരന്തലജെയുടെ വിവാദ പരാമർശത്തിനെതിരെ മധുരൈ സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറഞ്ഞാൽ കേസ് റദ്ദാക്കാൻ തയാറാണെന്ന് തമിഴ്നാട് എജി കോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിയ ശോഭ കരന്തലജെയുടെ അഭിഭാഷകന്‍ വാദം തുടരാമെന്ന് അറിയിച്ചതോടെ കേസ് 23ലേക്ക് മാറ്റി. Read on deshabhimani.com