‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: തുറന്നെതിർത്ത് സിപിഐ എം
ന്യൂഡൽഹി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംവിധാനം അടിച്ചേൽപ്പിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കത്തിന് എതിരെ സിപിഐ എം രാംനാഥ് കോവിന്ദ് ഉന്നതാധികാര സമിതിക്ക് മുമ്പാകെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഭരണഘടനാവിരുദ്ധമായ ഈ ആശയം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം ജനറൽസെക്രട്ടറി സീതാറാംയെച്ചൂരി ഉന്നതാധികാര സമിതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘ഇത്തരമൊരു ആശയം തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ ഇച്ഛയിൽ കേന്ദ്രീകരിച്ചുള്ളതാണ്. ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഇത് കൃത്യമായി നിർവചിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വഴിയാണ് ജനങ്ങൾ അവരുടെ പരമാധികാരം വിനിയോഗിക്കുന്നത്. സർക്കാരിനും ഭരണനിർവഹണ സംവിധാനത്തിനും നിയമനിർമാണ സഭകളോടുമാണ് ബാധ്യത. ഭരണഘടനയുടെ ഈ സവിശേഷതകൾ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കാനോ ഇകഴ്‌ത്താനോ പാടില്ല. ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങളെ ഇകഴ്‌ത്തുന്നതുമാണെന്നും- കത്തിലുണ്ട്. 2018ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംവിധാനത്തെ എതിർത്ത് നിയമകമീഷനും സിപിഐ എം കത്ത് നൽകിയിരുന്നു. Read on deshabhimani.com