‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ ; എളുപ്പത്തിൽ നടക്കില്ല



ന്യൂഡൽഹി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ ഭരണഘടനാഭേദഗതികൾ പാർലമെന്റിന്റെ ഇരുസഭയിലും പാസാക്കിയെടുക്കാൻ എൻഡിഎ സർക്കാരിന്‌ അത്ര എളുപ്പമല്ല. ഭരണഘടനാഭേദഗതികൾ പാസാക്കാൻ 368–ാം അനുച്ഛേദം അനുസരിച്ച്‌ ലോക്‌സഭയിലും രാജ്യസഭയിലും കേവലഭൂരിപക്ഷത്തോടൊപ്പം  സഭയിൽ സന്നിഹിതരായ മൂന്നിൽ രണ്ട്‌ അംഗങ്ങളുടെ പിന്തുണയും ആവശ്യമായി വരും. ലോക്‌സഭയിൽ 543 അംഗങ്ങളും ഹാജരാകുന്ന പക്ഷം മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം കിട്ടാൻ 362 വോട്ട് കിട്ടണം. നിലവിൽ 293 അംഗങ്ങളുള്ള എൻഡിഎയ്ക്ക്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉറപ്പാക്കണമെങ്കിൽ ലോക്‌സഭയിൽ നൂറിൽ കൂടുതൽ അംഗങ്ങൾ ഹാജരാകാതിരിക്കുകയോ എൻഡിഎ ഇതര കക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയോ ചെയ്യണം. രാജ്യസഭയിലും സമാനമായ പ്രതിസന്ധി അഭിമുഖീകരിക്കും. രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌ 115 എംപിമാരാണുള്ളത്‌. നാമനിർദേശം ചെയ്യപ്പെട്ട ആറ്‌ എംപിമാരുടെ പിന്തുണ കൂടിയായാൽ 121 എംപിമാരുടെ പിന്തുണയാകും. ഇന്ത്യാകൂട്ടായ്‌മയ്‌ക്ക്‌ രാജ്യസഭയിൽ 85 എംപിമാരുണ്ട്‌. രാജ്യസഭയിൽ ആകെയുള്ള 250 അംഗങ്ങളും ഹാജരായാൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം കിട്ടണമെങ്കിൽ 164 എംപിമാരുടെ പിന്തുണ വേണം. ഈ സാഹചര്യത്തിൽ നിർണായകമായ ഭരണഘടനാഭേദഗതികൾ പാസാക്കാൻ കേന്ദ്രസർക്കാരിന്‌ കഴിയുമോയെന്ന സംശയമാണ്‌ വിദഗ്‌ധർ ഉന്നയിക്കുന്നത്‌. നിർണായകമായ ഭരണഘടനാഭേദഗികൾ പാസാക്കാൻ 400ൽ കൂടുതൽ സീറ്റ് നൽകണമെന്ന്‌ ലോക്‌സഭാതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം നിഷ്‌കരുണ തള്ളിക്കളഞ്ഞ രാജ്യത്തെ വോട്ടർമാർ ബിജെപിയെ 240 സീറ്റിൽ ഒതുക്കി. എന്നിട്ടും, ഭരണഘടനാവിരുദ്ധമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. 17  മന്ത്രിസഭകൾ 
കാലാവധി 
പൂർത്തിയാക്കില്ല ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’യാഥാർഥ്യമാക്കാൻ ലോക്‌സഭയുടെ കാലാവധി നിശ്‌ചയിക്കുന്ന ഭരണഘടനയുടെ 83–ാം അനുച്ഛേദവും നിയമസഭകളുടെ കാലാവധി നിശ്‌ചയിക്കുന്ന 172–ാം അനുച്ഛേദവും ഭേദഗതി ചെയ്യണമെന്നാണ് രാംനാഥ്‌ കോവിന്ദ്‌ സമിതിയുടെ ശുപാർശ. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ്‌ നടന്ന 10 സംസ്ഥാനങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌ 2028ലാണ്‌. ‘ഒറ്റ തെരഞ്ഞെടുപ്പ്’ വന്നാല്‍ ഈ സംസ്ഥാനങ്ങളിൽ വീണ്ടും അധികാരത്തിലെത്തുന്ന പുതിയ സർക്കാരുകൾക്ക്‌ ഒരു വർഷമോ അതിൽ കുറഞ്ഞകാലയളവോ മാത്രമേ ലഭിക്കു.  ഹിമാചൽപ്രദേശ്‌, മേഘാലയ, നാഗാലാൻഡ്‌, ത്രിപുര, കർണാടകം, തെലങ്കാന, മിസോറം, മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ്‌ കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ്‌ നടന്നത്‌. 2027ൽ അടുത്ത തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക്‌ രണ്ട്‌ വർഷം കാലയളവ്‌ മാത്രമാകും ലഭിക്കുക. 2026ൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക്‌ മൂന്ന്‌ വർഷമോ അതിൽ കുറച്ചോ മാത്രമാകും കാലയളവ്‌ . സംഘപരിവാറും സമിതിയും ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ സംഘപരിവാറിന്റെ അജൻഡയാണെന്ന ആക്ഷേപം പലകോണിൽ നിന്നും ഉയർന്ന സാഹചര്യത്തിലാണ്‌ ഉന്നതാധികാര സമിതി റിപ്പോർട്ടിന്‌ അംഗീകാരം നൽകി അതുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയത്‌. 2023 സെപ്‌തംബർ രണ്ടിനാണ്‌ കേന്ദ്രസർക്കാർ ഉന്നതാധികാരസമിതി രൂപീകരിച്ചത്‌. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി അമിത്‌ഷാ, മുൻ കോൺഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌, 15–-ാം ധനകാര്യ കമീഷൻ അധ്യക്ഷനായിരുന്ന എൻ കെ സിങ്‌, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ്‌ സി കശ്യപ്‌, മുതിർന്ന അഭിഭാഷകൻ ഹരീഷ്‌ സാൽവെ, മുൻ വിജിലൻസ്‌ കമീഷണർ സഞ്‌ജയ്‌ കോത്താരി എന്നിവർ അംഗങ്ങളായിരുന്നു. 
    കേന്ദ്രനിയമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായി. നിതേൻ ചന്ദ്ര സെക്രട്ടറിയായും പ്രവർത്തിച്ചു.2024 മാർച്ച്‌ 14ന്‌ ഉന്നതാധികാരസമിതി 18,626 പേജുകളുള്ള റിപ്പോർട്ട്‌ സമർപ്പിച്ചു.   Read on deshabhimani.com

Related News