ഒരു രാജ്യം 
ഒരു തെരഞ്ഞെടുപ്പ്‌: 
ബില്ലിന്‌ മന്ത്രിസഭയുടെ 
അംഗീകാരം



ന്യൂഡൽഹി ലോക്‌സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ബില്ലിന്‌ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. അടുത്തയാഴ്‌ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ്‌ നീക്കം. രണ്ടാം മോദി സർക്കാരിന്റെ അവസാനഘട്ടത്തിലാണ്‌ ഈ ആശയം സംഘപരിവാർ മുന്നോട്ടുവെച്ചത്‌.  പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിക്ക്‌ 2023 സെപ്‌തംബറിൽ രൂപംനൽകി. ആറുമാസംകൊണ്ട്‌ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്‌ നടത്തിയാൽ രാജ്യം വലിയ സാമ്പത്തിക കുതിപ്പ്‌ കൈവരിക്കുമെന്ന നിരീക്ഷണമാണ്‌ മുന്നോട്ടുവെച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ‘ഒറ്റ തെരഞ്ഞെടുപ്പ്‌’ ബിൽ  പാസാക്കാമെന്നുമായിരുന്നു മോദിയുടെയും ബിജെപിയുടെയും പദ്ധതി.  ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ പ്രതീക്ഷ തെറ്റി. ‘ഒറ്റ തെരഞ്ഞെടുപ്പ്‌’ നടപ്പാക്കാൻ ഭരണഘടനയിൽ  ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ട്‌. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതിയും മറ്റും സർക്കാരിന്‌ എളുപ്പമാകില്ല. Read on deshabhimani.com

Related News