കരയിച്ച്‌ സവാള, കണ്ണടച്ച്‌ കേന്ദ്രം; വിലക്കയറ്റം തടയാന്‍ നടപടിയില്ല



ന്യൂഡൽഹി > സവാളവില കുറയ്‌ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തത്‌ കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ദിവസങ്ങൾക്കുള്ളിൽ സവാള വില 100, 120 നിരക്കിലായി. വരും മാസങ്ങളിയും ഉയർന്നവില തുടരാനാണ്‌ സാധ്യത. വില എപ്പോൾ കുറയുമെന്ന്‌ പ്രവചിക്കാൻ താൻ ജ്യോത്സ്യനല്ല എന്നാണ്‌ ഭക്ഷ്യ–-ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ്‌ പസ്വാന്റെ പ്രതികരണം. വില വർധിച്ചതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സവാളയുടെ പേരിൽ അക്രമവും റെയ്‌ഡും നടക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം 20 ലക്ഷം രൂപയുടെ സവാളയുമായി നാസിക്കിൽനിന്ന്‌ ഗൊരഖ്‌പുരിലേക്ക്‌  പോയ ലോറി തട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്ര, കർണാടകം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം കർഷകർക്ക്‌ തിരിച്ചടിയായി. 2018 ഖാരിഫ്‌ സീസണിൽ 30 ലക്ഷം ടണ്ണായിരുന്നു സവാള ഉൽപ്പാദനമെങ്കിൽ 2019 സീസണിൽ അത്‌ 20 ലക്ഷം ടണ്ണായി ഇടിഞ്ഞു. സെപ്‌തംബറിൽ സവാളവില കുതിച്ചുയരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്‌, സവാളയുടെ  കയറ്റുമതി നിരോധിച്ചും കച്ചവടക്കാർക്ക്‌ കൈവശം സൂക്ഷിക്കാവുന്ന സ്‌റ്റോക്കിന്‌ പരിധിവച്ചും സർക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചു. ചില്ലറവ്യാപാരികൾക്ക്‌ 100 ക്വിന്റലും മൊത്തവ്യാപാരികൾക്ക്‌ 500 ക്വിന്റലും ഉള്ളി സൂക്ഷിക്കാമെന്നായിരുന്നു നിർദേശം. ഇത്‌ പൂഴ്‌ത്തിവയ്‌പിന്‌ കാരണമായെന്നും ആക്ഷേപമുണ്ട്‌. കേന്ദ്രസർക്കാർ മെറ്റൽസ്‌ ആൻഡ്‌ മിനറൽസ്‌ ട്രേഡിങ്‌ കോർപറേഷൻ (എംഎംടിസി) മുഖേന തുർക്കിയിൽനിന്ന്‌ 11,000 ടൺ സവാള ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. നേരത്തെ, ഈജിപ്‌തിൽനിന്ന്‌ 6090 ടൺ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. വിവിധ രാജ്യങ്ങളിൽനിന്നായി 1.2 ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ, ഇത്‌ പ്രതിസന്ധി മറികടക്കാൻ പര്യാപ്‌തമല്ല. Read on deshabhimani.com

Related News