ഗ്രാമങ്ങളിലെ കുട്ടികള്‍ ‘ക്ലാസി’ന് പുറത്ത് ; രാജ്യത്ത് ​ഗ്രാമീണ മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം 8 ശതമാനത്തിന് മാത്രം



ന്യൂഡൽഹി രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓൺലൈൻ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍ക്കു മാത്രമെന്ന് സര്‍വേ റിപ്പോർട്ട്‌. നഗരപ്രദേശങ്ങളിൽ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികൾക്ക്‌ പഠനസൗകര്യം തീർത്തും ഇല്ല. കോവിഡും അടച്ചിടലും വിദ്യാഭ്യാസമേഖലയിൽ സൃഷ്ടിച്ച കെടുതിയുടെ വ്യാപ്‌തി വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌ സാമ്പത്തികവിദഗ്‌ധരായ ജീൻ ദ്രേസ്‌, റീതിക ഖേര, ഗവേഷകൻ വിപുൽ പൈക്ര എന്നിവര്‍. പതിനഞ്ച്‌ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശത്തുമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ 1400 കുട്ടികളുടെ കുടുംബങ്ങളെ ഉൾപ്പെടുത്തി ആഗസ്‌തിലാണ് സർവേ നടത്തിയത്‌. പകുതിയിലേറെ കുടുംബങ്ങളും മഹാരാഷ്ട്ര, ഉത്തർപ്രദേശ്‌, ഡൽഹി, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽനിന്നായിരുന്നു.  അസം, ബിഹാർ, ഗുജറാത്ത്‌, ഹരിയാന, കർണാടകം, മധ്യപ്രദേശ്‌, ഒഡിഷ, പഞ്ചാബ്‌, തമിഴ്‌നാട്‌, ബംഗാൾ, ചണ്ഡീഗഢ്‌ എന്നിവിടങ്ങളിലെ കുടുംബങ്ങളെയും  ഉൾപ്പെടുത്തി. സ്‌മാർട്ട്‌ ഫോൺ ഇല്ലാത്തതാണ്‌ ഓൺലൈൻ പഠനത്തിന്‌ മുഖ്യതടസം. ചില കുടുംബങ്ങളിൽ സ്‌മാർട്ട്‌ ഫോൺ ഉണ്ടെങ്കിലും അവ മുതിർന്നവരുടെ ആവശ്യത്തിനുമാത്രം. സ്‌കൂളുകളിൽനിന്ന്‌ ഓൺലൈനിൽ പഠനസാമഗ്രി ലഭിക്കുന്നില്ല, ലഭിച്ചാൽത്തന്നെ രക്ഷിതാക്കൾക്ക്‌ ഇതേക്കുറിച്ച്‌ അറിവില്ലാത്തതും പ്രശ്‌നം. കഴിഞ്ഞവർഷം സ്വകാര്യസ്‌കൂളുകളിൽ ചേർന്ന കുട്ടികളിൽ നാലിലൊന്നു പേർ പിന്നീട്‌ സർക്കാർ സ്‌കൂളുകളിലേക്ക്‌ മാറി. സാമ്പത്തികബുദ്ധിമുട്ടാണ്‌ കാരണം. Read on deshabhimani.com

Related News