ഓൺലൈൻ ടാക്‌സി സേവനങ്ങൾ ഐ ഫോൺ, ആൻഡ്രോയ്‌ഡ് ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്‌ത നിരക്കുകൾ ഈടാക്കുന്നു; അന്വേഷണം പ്രഖ്യാപിച്ചു
ഡൽഹി > ആൻഡ്രോയ്‌ഡ് ഫോണുകളിൽ നിന്നും ഐ ഫോണിൽ നിന്നും ബുക്ക് ചെയ്യുന്ന ഓൺലൈൻ ടാക്‌സി സേവനങ്ങൾക്ക് വ്യത്യസ്‌ത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒരേ ദൂരമുള്ള യാത്രയ്‌ക്ക് ആൻഡ്രോയ്‌ഡ് ഫോണിൽ നിന്ന് കുറവും ഐ ഫോണിൽ നിന്ന് കൂടുതലും നിരക്ക് ഈടാക്കുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ റൈഡ് ആപ്പുകളെ കുറിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ലാദ് ജോഷി അറിയിച്ചു. റൈഡ് ആപ്പുകളോടൊപ്പം ഫുഡ് ഡെലിവറി ആപ്പുകളെയും, ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും അന്വേഷണത്തിൽ ഉൾപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഫോണുകളിൽ നിന്നും വ്യത്യസ്‌ത നിരക്കുകൾ ഈടാക്കുന്നു എന്ന വാർത്ത സംബന്ധിച്ച് എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. Read on deshabhimani.com