പെ​ഗാസസ് ചാരപ്പണി : ഐബിയുടെ 
പങ്കിന് തെളിവ് ; മാധ്യമ കൂട്ടായ്‌മയായ ഒസിസിആർപി റിപ്പോർട്ട്‌ പുറത്ത്‌



ന്യൂഡൽഹി പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹാർഡ്‌വെയർ ഇന്റലിജൻസ്‌ ബ്യൂറോ (ഐബി) ഇസ്രയേലിലെ എൻഎസ്‌ഒ ഗ്രൂപ്പിൽനിന്ന്‌ വാങ്ങിയെന്ന്‌ റിപ്പോർട്ട്‌. ഓർഗനൈസൈഡ്‌ ക്രൈം ആൻഡ്‌ കറപ്‌ഷൻ റിപ്പോർട്ടിങ്‌ പ്രോജക്ടിന്റെ (ഒസിസിആർപി) റിപ്പോർട്ടിലാണ്‌ വെളിപ്പെടുത്തൽ. അന്താരാഷ്ട്രതലത്തിൽ സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും അന്വേഷിച്ച്‌ റിപ്പോർട്ടുകൾ നൽകുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയാണ്‌ ഒസിസിആർപി. രാജ്യത്ത്‌ പെഗാസസ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ പൗരരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ഗുരുതര ആരോപണം നിലനിൽക്കുന്നതിനിടെയാണ്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌. ഇറക്കുമതി രേഖകൾ ഉൾപ്പെടെ ഉദ്ധരിച്ചാണ്‌ റിപ്പോർട്ട്‌.‘‘ഇറക്കുമതി ചെയ്‌ത ഹാർഡ്‌വെയർ പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയറിനുവേണ്ടി ഉള്ളതാണോ എന്ന്‌ ഉറപ്പിച്ച്‌ പറയാനാകില്ല. എന്നാൽ, പെഗാസസ്‌ സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഹാർഡ്‌വെയർ ഇന്റലിജൻസ്‌ ബ്യൂറോ ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. 2017 ഏപ്രിൽ 18നാണ്‌ വ്യോമമാർഗം ഹാർഡ്‌വെയർ ഡൽഹിയിൽ എത്തിച്ചത്‌. അനുബന്ധ ഉപകരണങ്ങളും ഹാർഡ്‌വെയറിനൊപ്പം ഇറക്കുമതി ചെയ്‌തു. പ്രതിരോധ, സൈനിക ആവശ്യത്തിനുവേണ്ടി എന്നാണ്‌ ഇറക്കുമതി ചെയ്‌ത സാമഗ്രികളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌’’–- ഒസിസിആർപി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാർ പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ വാങ്ങിയെന്ന്‌ 2017 ഏപ്രിലിൽ ‘ന്യൂയോർക്ക്‌ ടൈംസ്‌’ വെളിപ്പെടുത്തിയിരുന്നു. പെഗാസസ്‌ വിവാദം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതിയുമായി കേന്ദ്ര സർക്കാർ സഹകരിച്ചല്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടത്‌ ആയതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. സർക്കാർ നിലപാട്‌ ചാരവൃത്തിക്കുള്ള തെളിവാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ, പെഗാസസിനെ സഹായിക്കുന്ന രീതിയിലുള്ള ഹാർഡ്‌വെയർ ഇറക്കുമതി ചെയ്‌തെന്ന വെളിപ്പെടുത്തൽ നിർണായകമാകും. Read on deshabhimani.com

Related News