ആര്‍എസ്എസിനേറ്റ തിരിച്ചടി; തുളുനാട് ചുവപ്പിച്ച മഹാറാലി



മംഗളൂരു > ബന്ദ് നടത്തി റാലിയെ തകര്‍ക്കാന്‍ ശ്രമിച്ച സംഘപരിവാറിനേറ്റ കനത്ത തിരിച്ചടിയായി റാലിയും പൊതുയോഗവും. ബന്ദും ഭീഷണിയും വകവയ്ക്കാതെ ആയിരങ്ങളാണ് സ്വമേധയാ റാലിക്കെത്തിയത്. ചെമ്പതാകയും ചുവന്ന തോരണങ്ങളും മേലാപ്പു ചാര്‍ത്തിയ മംഗളൂരു നഗരത്തിന് പുത്തന്‍കാഴ്ചയും അനുഭവവുമായി സിപിഐ എം റാലി. മെട്രോ സിറ്റിയുടെ പകിട്ടും ഒപ്പം അക്രമങ്ങളെയെല്ലാം അതിജീവിച്ച് പൊരുതുന്ന പ്രവര്‍ത്തകരുടെ പിന്തുണയും കൂടിയായതോടെ മംഗളൂരു നഗരം ഇന്നുവരെ കാണാത്ത ജനസഞ്ചയത്തിനാണ് നഗരം സാക്ഷ്യംവഹിച്ചത്. ജ്യോതി സര്‍ക്കിളില്‍നിന്ന് ആരംഭിച്ച റാലി സിപിഐ എം കര്‍ണാടകത്തില്‍ കരുത്താര്‍ജിക്കുന്നതിന്റെ സാക്ഷ്യപത്രമായി. ജീവന്‍ കൊടുത്തും മതനിരപേക്ഷത കാത്തുസൂക്ഷിക്കുമെന്ന് റാലിയില്‍ അണിനിരന്നവര്‍ പ്രഖ്യാപിച്ചു. ചുവപ്പു വളന്റിയര്‍മാരും ചുവന്ന മുണ്ടുടുത്ത പ്രവര്‍ത്തകരും പട്ടാളച്ചിട്ടയോടെ നടന്നുനീങ്ങിയപ്പോള്‍ ഇത് കാണാന്‍ റോഡിന് ഇരുവശത്തും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. കൊമ്പും കുഴലുമടക്കം തുളുനാടിന്റെ തനതു കലാരൂപങ്ങളും അണിനിരന്നു. ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ സിപിഐ എമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായി റാലി. റാലിയില്‍ അണിനിരന്ന നേതാക്കളെയും പ്രവര്‍ത്തകരെയും മുസ്ളിം സ്ത്രീകള്‍ അടക്കമുള്ളവര്‍ അഭിവാദ്യം ചെയ്തത് ആവേശകരമായി. തങ്ങളുടെ ബന്ദാഹ്വാനം ജനങ്ങള്‍ തള്ളിയതിലുള്ള ജാള്യം തീര്‍ക്കാന്‍ ചിലയിടത്ത് ആക്രമണശ്രമമുണ്ടായി. പ്രവര്‍ത്തകരുമായി വന്ന മുപ്പതിലേറെ ബസിന് ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു. കരാവലി ഐക്യതാ റാലി നടന്നയിടത്തുനിന്ന് ഏറെ മാറിയായിരുന്നു ആക്രമണം. മലയാളത്തിലുള്ള പിണറായി വിജയന്റെ പ്രസംഗം മുന്‍ സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തി. റാലിക്ക് സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി, വി ജെ കെ നായര്‍, എസ് വൈ ഗുരുശാന്ത്, ബി നിത്യാനന്ദസ്വാമി. എസ് വരലക്ഷ്മി, കെ എം ഉമേഷ്, കെ എസ് ലക്ഷ്മി, കെ എസ് വിമല എന്നിവര്‍ നേതൃത്വം നല്‍കി. Read on deshabhimani.com

Related News