സംഭൽ ഷാഹി ജുമാ മസ്ജിദിന്‌ സമീപം പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും; 'ഭൂമി പൂജ' നടത്തി അധികൃതർ

photo credit: X


ലഖ്‌നൗ >  സംഭലിലെ ചന്ദൗസി ഷാഹി ജുമാ മസ്ജിദിന്‌ സമീപം പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും. പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്ന ഭൂമിയുടെ 'ഭൂമി പൂജ'(നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള ചടങ്ങ്)ശനിയാഴ്ച മുതിർന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്നു. ജുമാമസ്ജിദിന് മുൻവശത്തെ വയലിലാണ് ഔട്ട് പോസ്റ്റ് നിർമിക്കുന്നത്. നവംബർ 24ന് മസ്ജിദ് സർവേയ്ക്കിടെ അക്രമം നടന്നതിനെ തുടർന്നാണ് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. മസ്ജിദിന് സമീപം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്തെ സുരക്ഷ ശക്തമാക്കുമെന്നും  സമാധാനം നിലനിർത്താൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. നഗരത്തിന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനെ ''സത്യവ്രത് പൊലീസ് ചൗക്കി'' എന്ന് വിളിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭാലിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെയാണ് ഈ പേര് പ്രതിഫലിപ്പിക്കുന്നതെന്നാണ്‌ അധികൃതർ പറയുന്നത്‌. നവംബർ 19ന്‌ സംഭൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ സിവിൽകോടതി നൽകിയ ഉത്തരവുമായി  ബന്ധപ്പെട്ടാണ്‌ സംഭലിൽ സംഭർഷമുണ്ടായത്‌.  ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമിഷൻ സർവേ നടത്തിയത്‌.  എന്നാൽ രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിൽ 184 ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  നിയമസഭയിൽ നടത്തിയ പരാമർശത്തിന് പിന്നാലെ 1978-ലെ സംഭാലിലെ വർഗീയ കലാപ കേസുകൾ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.   Read on deshabhimani.com

Related News