രാഷ്‌ട്രീയ സംഭാവന: പണം വാരി ബിജെപി; വാങ്ങിയത്‌ രണ്ടായിരം കോടിയിലധികം



ന്യൂഡൽഹി > 2023-24 വർഷത്തിൽ രാഷ്‌ട്രീയ സംഭാവനയായി ബിജെപിക്ക്‌ ലഭിച്ചത്‌ കോടിക്കണക്കിന്‌ രൂപ. വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി  2,604.74 കോടി രൂപയാണ്‌ ബിജെപിക്ക് ലഭിച്ചത്‌‌‌‌‌. ‌ഇത്‌ 2022–23 ൽ ലഭിച്ച പണത്തിന്റെ മൂന്നിരട്ടിയിലധികം വരും. കോൺഗ്രസിന് 2023 -24 വർഷത്തിൽ സംഭാവനയായി 288.9 കോടി രൂപയും ലഭിച്ചു. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. 2023 – 24 വർഷത്തിൽ പാർടികൾക്ക്‌ ലഭിച്ച സംഭാവനയുടെ റിപ്പോർട്ടുകൾ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് മാത്രമായി 723.6 കോടി രൂപയാണ്‌ ബിജെപിക്ക് ലഭിച്ചത്‌. ഇവിടെ നിന്ന്‌ കോൺഗ്രസിന് ലഭിച്ചത്‌ 156.4 കോടി രൂപയാണ്‌. അതായത്‌  ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിന്റെ പകുതിയിലധികം സംഭാവനകളും പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്.പ്രൂഡന്റിന്‌ ഏറ്റവും കൂടുതൽ സംഭാവന നൽകിയവർ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവരാണ്‌.  ഇലക്ടറൽ ബോണ്ടു വഴി ലഭിച്ച സംഭാവനകള്‍ ഇതിൽ ഉള്‍പ്പെട്ടിട്ടില്ല. ഇതിന്റെ വിശദാംശങ്ങൾ രാഷ്ട്രീയ പാർടികൾ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ മാത്രമേ പ്രഖ്യാപിക്കൂ. ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന്‌ കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും ഇലക്ടറൽ ബോണ്ട്‌ വഴി ഭാരത്‌ രാഷ്‌ട്ര സമിതിക്ക്‌ (ബിആർഎസ്‌) 495.5 കോടി രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.  ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്ആർ കോൺഗ്രസിന് 121.5 കോടിയും ഇലക്ടറൽ ബോണ്ട്‌ ഇനത്തിൽ ലഭിച്ചതായാണ്‌ റിപ്പോർട്ട്‌. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചതും  ബിജെപിക്കാണ്. ബിആർഎസിന്‌ 85 കോടി രൂപയും  വൈഎസ്ആർ കോൺഗ്രസിനും 62.5 കോടി രൂപയും പ്രൂഡന്റ്‌ സംഭാവന നൽകിയിട്ടുണ്ട്‌. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡന്റിൽനിന്ന് സ്വീകരിച്ചത്.  ഇന്ത്യയുടെ 'ലോട്ടറി കിംഗ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന്  ബിജെപിക്ക്‌ ലഭിച്ചത്‌ 3 കോടി രൂപയാണ്‌. ഫ്യൂച്ചർ ഗെയിമിംഗ് ആണ് ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നൽകിയത്.  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റിയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ് മാർട്ടിൻ.   Read on deshabhimani.com

Related News