ഊർജ പ്രതിസന്ധി തുടരുന്നു ; മണിക്കൂറുകൾ നീളുന്ന പവർകട്ട് ; ജനം ദുരിതത്തിൽ
ന്യൂഡൽഹി ചൂടിനൊപ്പം വൈദ്യുതി ക്ഷാമം കൂടിയായതോടെ രാജ്യത്ത് ജനം ദുരിതത്തിൽ. ക്ഷാമം വ്യവസായങ്ങളെയും ബാധിച്ചു. യുപി, രാജസ്ഥാൻ, ഹരിയാന, ജമ്മു–-കശ്‌മീർ, പഞ്ചാബ്, ജാർഖണ്ഡ്, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ക്ഷാമം തുടരുന്നു. പല സംസ്ഥാനങ്ങളും മണിക്കൂറുകൾ നീളുന്ന പവർകട്ട് പ്രഖ്യാപിച്ചു. വ്യവസായങ്ങൾക്കുള്ള വൈദ്യുതിയിലും നിയന്ത്രണമുണ്ട്. രാജസ്ഥാനിൽ ഫാക്ടറികൾക്ക് നാലു മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ചു. ജമ്മുവിൽ കഴിഞ്ഞ ദിവസം ആറു മണിക്കൂർ പവർകട്ടുണ്ടായിരുന്നു. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്ര നീക്കത്തിന് വേഗമായില്ല. ചരക്ക് ട്രെയിൻ വിട്ടുകൊടുക്കാൻ റെയിൽവേയ്‌ക്ക് കഴിഞ്ഞില്ല. ഹരിയാനയിലേക്ക് കൽക്കരിയുമായി പോവുകയായിരുന്ന ചരക്ക് ട്രെയിൻ യുപിയിലെ ഇട്ടാവയിൽ പാളം തെറ്റി. ഈ റൂട്ടിലുള്ള ഗതാഗതവും താറുമാറായി. ചൂടിൽ വൈദ്യുതി ആവശ്യത്തിലുണ്ടാകുന്ന വർധന മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ മുൻകരുതലെടുത്തില്ല. ആറു വർഷത്തെ ഏറ്റവും രൂക്ഷമായ വൈദ്യുതി ക്ഷാമമാണിത്. വൈദ്യുതി ഉപയോഗം കഴിഞ്ഞയാഴ്‌ച 207 ജിഗാ വാട്ടായി ഉയർന്നു. നിലവിൽ 10.77 ജിഗാവാട്ടിന്റെ കുറവുണ്ട്. മെയ്–- ജൂൺ കാലയളവിൽ 220 ജിഗാവാട്ട് വരെയായി ഉയർന്നേക്കും. Read on deshabhimani.com