രാജ്യത്ത്‌ വിലക്കയറ്റം 
രൂക്ഷം



ന്യൂഡൽഹി രാജ്യത്ത്‌ ചില്ലറ വിൽപന മേഖലയിൽ സെപ്‌തംബറിലെ വിലക്കയറ്റ തോത്‌ ഒൻപത്‌ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ആഗസ്‌തിൽ 3.65 ശതമാനമായിരുന്ന നിരക്ക്‌ സെപ്‌തംബറിൽ 5.49 ആയാണ്‌ കുത്തനെ കൂടിയത്‌. 1.84 ശതമാനം വർധന. വിലക്കയറ്റം 4 ശതമാനത്തിൽ താഴെ നിലനിർത്തണമെന്ന റിസർവ്വ്‌ ബാങ്കിന്റെ നിർദേശം ഇക്കുറിയും നടപ്പാക്കാനായില്ല. ഭക്ഷ്യോൽപന്ന മേഖലയിലെ വിലക്കയറ്റമാണ്‌  ഇതിൽ പ്രധാന പങ്ക്‌ വഹിച്ചതെന്ന്‌ ദേശീയ സ്ഥിതിവിവരകണക്ക്‌ ഓഫീസ്‌(എൻഎസ്‌ഒ) അറിയിച്ചു. ഭക്ഷ്യോൽപന്ന വിലക്കയറ്റ തോത്‌ ആഗസ്‌തിൽ 5.66 ശതമാനമായിരുന്നത്‌ സെപ്‌തംബറിൽ 9.24 ആയാണ്‌ ഉയർന്നത്‌. 3.58 ശതമാനത്തിന്റെ വർധന.  കഴിഞ്ഞ വർഷം ഡിസംബറിൽ 5.69 ശതമാനം വിലക്കയറ്റ തോത്‌ രേഖപ്പെടുത്തിയശേഷം കുറഞ്ഞുവന്നത്‌ വീണ്ടും കുതിച്ചുകയറുകയാണ്‌ ചെയ്‌തത്‌.  സെപ്‌തംബറിൽ ഗ്രാമീണ മേഖലയിൽ 5.87 ശതമാനം, നഗരങ്ങളിൽ 5.05 ശതമാനം വീതമാണ്‌ വിലക്കയറ്റ നിരക്ക്‌. ഒരു വർഷമായി രാജ്യത്ത്‌ ഭക്ഷ്യവസ്‌തുക്കളുടെ വില ഉയരുകയാണ്‌. ധാന്യങ്ങൾ, മത്സ്യം, മാംസം, മുട്ട, പഴം, പച്ചക്കറി, ക്ഷീരോൽപന്നങ്ങൾ എന്നിവയുടെയെല്ലാം വില ഉയരുന്നു. 2023 ജൂൺ മുതൽ വിലക്കയറ്റം പ്രകടമാണ്‌. വിലക്കയറ്റം ഉയർന്നു നിൽക്കുന്നത്‌ പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള റിസർവ്വ്‌ ബാങ്കിന്റെ നീക്കത്തിന്‌ തിരിച്ചടിയാകും. അതിനിടെ, രാജ്യത്തെ വ്യവസായിക ഉത്പാദനം 22 മാസത്തിനിടെ ആദ്യമായി നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10.9 ശതമാനമായിരുന്നു വ്യവസായിക ഉത്പാദനമെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റിലെത്തിയപ്പോള്‍ 0.1 ശതമാനമായി ചുരുങ്ങിയെന്നും എൻഎസ്‌ഒ  പുറത്തുവിട്ട കണക്ക്‌ വ്യക്തമാക്കുന്നു. വ്യവസായിക ഉത്പാദന സൂചിക 4.1 ശതമാനം ഇടിഞ്ഞ 2022 ഒക്ടോബറിന് ശേഷമുള്ള ആദ്യത്തെ വീഴ്‌ചയാണിത്‌. ഇവയ്‌ക്ക്‌ പുറമെ ക്രുഡ്‌ ഓയിലിന്റെ വില കൂടുന്നതും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യൻ സമ്പദ്‌ഘടനയ്‌ക്ക്‌ ഭീഷണിയാണ്‌. Read on deshabhimani.com

Related News