നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസിനെയും നിരോധിക്കും: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ



ബംഗളൂരു> കര്‍ണാടകയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് സംഘടനയേയും നിരോധിക്കുമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. പ്രകടന പത്രികയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും എന്ന് പറഞ്ഞത് പോലെ കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകള്‍ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പരത്താനും കര്‍ണ്ണാടകയ്ക്ക് അപകീര്‍ത്തി വരുത്താനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ കോണ്‍ഗ്രസ് സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസോ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിലും നിയമത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാല്‍ അവരെ നിരോധിക്കാന്‍ മടിക്കില്ല എന്നും മന്ത്രി ഒരു ദേശീയ വാര്‍ത്താ ഏജസിയോട് പറഞ്ഞു. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. മുമ്പ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബജ്‌റംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.   Read on deshabhimani.com

Related News