തളരാതെ കാത്ത ഹൃദയ ഐക്യം



പത്താം ക്ലാസ്‌ ബോർഡ്‌ പരീക്ഷയിൽ ഗണിതത്തിൽ തോൽക്കുന്നത്‌ ജി എൻ സായിബാബയെന്ന വിദ്യാർഥിയുടെ പേടിസ്വപ്നമായിരുന്നു. അങ്ങനെയാണ്‌ ആ ദളിത്‌ ബാലൻ ഗണിതവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ട്യൂഷൻ ക്ലാസിലെത്തിയത്‌. അഞ്ചാംവയസ്സിൽ പോളിയോ ബാധിച്ച്‌ അരയ്‌ക്കുതാഴെ തളർന്ന സായി ചെരിപ്പ്‌ കൈയിൽ ധരിച്ചാണ്‌ ഇഴഞ്ഞുനീങ്ങിയിരുന്നത്‌. ആദ്യദിനം അധ്യാപകൻ ഉണ്ടായിരുന്നില്ല. ആദ്യം അടുത്തേക്കുവന്നത്‌ വസന്ത എന്ന വിദ്യാർഥിനിയാണ്‌. ആരാണെന്നും എന്ത്‌ വിഷയത്തിനാണ്‌ ട്യൂഷന്‌ വന്നതെന്നും ചോദിച്ചു. ദിവസങ്ങൾ മുന്നോട്ടുപോയപ്പോൾ അവർ പരസ്‌പരം അധ്യാപകരായി. വസന്ത സായിയെ കണക്ക്‌ പഠിപ്പിക്കും; സായി തിരിച്ച്‌ ഇംഗ്ലീഷ്‌ വ്യാകരണവും. പ്രധാനപരീക്ഷ ആയപ്പോഴേക്ക്‌ പരസ്‌പരസഹായം പ്രണയബന്ധമായിമാറി. ബിരുദാനന്തര ബിരുദത്തിനായി ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ പോകാൻ സായിബാബയെ പ്രേരിപ്പിച്ചത്‌ പ്രിയസഖിയാണ്‌. അസാധാരണമാംവിധം യാതനകൾ നിറഞ്ഞ പ്രൊഫ. ജി എൻ സായിബാബയുടെ ജയിൽ ജീവിതത്തിനിടയിൽ പ്രത്യാശപകർന്ന്‌ മനസ്സ്‌ തളരാതെ കാത്തത്‌ ജീവിതപങ്കാളിയാണ്‌. തടവിൽ കഴിഞ്ഞ 10 വർഷവും പുറത്ത്‌ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലായിരുന്നു വസന്തകുമാരി. 33–-ാം വിവാഹവാർഷികം കഴിഞ്ഞ്‌ രണ്ടാംദിവസമായിരുന്നു ജയിൽമോചനം. ജയിലിൽനിന്ന്‌ സായിബാബ എഴുതിയ ആദ്യകത്ത്‌ വസന്തകുമാരിക്ക്‌ കിട്ടുന്നത്‌ മാസങ്ങൾക്കുശേഷമാണ്‌. മാതൃഭാഷയിൽ (തെലുങ്ക്‌) കത്തെഴുതാൻ വിലക്കുണ്ടായിരുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എഴുതാവൂ. "ഞങ്ങളുടേതല്ലാത്ത ഒരുഭാഷയിൽ ഞാൻ അദ്ദേഹത്തോട്‌ എന്ത്‌ പറയാനാണ്‌' എന്നായിരുന്നു വസന്തകുമാരിയുടെ ചോദ്യം.   Read on deshabhimani.com

Related News