വിവേചന ബജറ്റ്: അകത്തും പുറത്തും പ്രതിഷേധവുമായി ഇന്ത്യ മുന്നണി
ന്യൂഡല്‍ഹി> കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ -പ്രതിഷേധവുമായി പ്രതിപക്ഷമായ ഇന്ത്യ മുന്നണി. ബുധനാഴ്ച രാവിലെയാണ് പാര്‍ലമെന്റിന് മുമ്പില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റില്‍ വിവേചനം കാട്ടിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. 'ഈ ബജറ്റ് ഇന്ത്യയുടെ ഫെഡറല്‍ ഘടനക്ക് എതിരാണ്.വികസനത്തിന്റെ പേരില്‍ ഈ ബജറ്റ് പൂജ്യമാണ്. ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്റിന് പുറത്തും അകത്തും പ്രതിഷേധിക്കും'- രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. അതേസമയം ബജറ്റിനെതിരെ ഡിഎംകെ എംപിമാരും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.ബജറ്റില്‍ കേന്ദ്രം തമിഴ്നാടിനെ അവഗണിച്ചുവെന്നും അതിനാല്‍ ജൂലൈ 27 ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌കരിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ ഉന്നത നേതാക്കള്‍ ഒത്തുകൂടി.ഈ യോഗത്തിലാണ് പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തത്. Read on deshabhimani.com