‘ഞങ്ങള്‍ അടിമകളല്ല’

ഐടി ജീവനക്കാര്‍ ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധം


ബം​ഗളൂരു> ഐടി മേഖലയിൽ തൊഴിലാളികളുടെ ജോലി സമയം കൂട്ടാനുള്ള കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ നീക്കത്തിനെതിരെ ബം​ഗളൂരുവിൽ ഐടി ജീവനക്കാരുടെ വൻ പ്രതിേഷധം. ഐടി, ഐടി അനുബന്ധ വ്യവസായ മേഖലകളിൽ ജോലി സമയം 14 മണിക്കൂർ‌വരെ ഉയർത്തുന്നതിനെതിരെ ചെങ്കൊടിയേന്തി നൂറുകണക്കിന് ജീവനക്കാര്‍ ഫ്രീഡംപാർക്കിൽ അണിനിരന്നു. തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ  കർണാടകയിലെ ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയീസ് യൂണിയൻ( കെഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  "ഞങ്ങള്‍ അടിമകളല്ല' എന്ന മുദ്രാവാക്യം മുഴക്കിയ ജീവനക്കാര്‍ ജോലി സമയം 14 മണിക്കൂറാക്കുന്നത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധവേദിയിലെത്തി കര്‍ണാടക തൊഴിൽ വകുപ്പ് ഉന്നതഉദ്യോ​ഗസ്ഥന്‍ ഡോ. ജി മഞ്ജുനാഥ് നിവേദനം ഏറ്റുവാങ്ങി. തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നും തൊഴിലാളി ദ്രോഹ നിയമഭേദ​ഗതി നടപ്പാക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ത്തുതോൽപ്പിക്കുമെന്നും കെഐടിയു ജനറൽ സെക്രട്ടറി സുഹാസ് അഡി​ഗ ആവശ്യപ്പെട്ടു. രണ്ടാഴ്ചയായി ബം​ഗളൂരു ന​ഗരത്തില്‍ ഉടനീളം  ഐടി ജീവനക്കാര്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്. 1961ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിൽ ഭേദ​ഗതിവരുത്തി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂർവരെയാക്കാനാണ് കോൺ​ഗ്രസ് സർക്കാർ ഒരുങ്ങുന്നത്. നിലവിലെ നിയമപ്രകാരം  ഓവർടൈം ഉൾപ്പെടെ പത്തു മണിക്കൂർ വരെ  മാത്രമേ ഒരു ദിവസം ജോലി പാടുള്ളു.  ഇത് പൂർണമായും എടുത്തുകളയുന്നതാണ് പുതിയ ഭേദ​ഗതി. ജോലി സമയപരിധിയെത്രയെന്ന് കൃത്യമായി പറയുന്നില്ല. കർണാടക സർക്കാർ ഈ തീരുമാനം നടപ്പാക്കിയാൽ മറ്റ് ഐടി ന​ഗരങ്ങളിലെ കമ്പനികളും ജോലി സമയം കൂട്ടാൻ ആവശ്യപ്പെടും. ഇല്ലെങ്കിൽ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള ഭീഷണിയും ഉയർത്തും. ഇതിൽ സർക്കാരുകൾ വീഴും.  ഇതോടെ ഈ നയം രാജ്യവ്യാപകമായി മാറും. എല്ലാ ഐടി ജീവനക്കാരെയും ബാധിക്കും.  മറ്റു വ്യവസായങ്ങളിലും ഇത് തെറ്റായ സന്ദേശം നൽകും. Read on deshabhimani.com

Related News