കേന്ദ്ര ബജറ്റ്‌: പ്രതിഷേധവുമായി കേരളത്തിലെ എംപിമാർ



ന്യൂഡൽഹി> എൻഡിഎ സഖ്യകക്ഷികൾക്ക് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിനെ പാടെ അവ​ഗണിച്ചതിൽ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കെ രാധാകൃഷ്ണൻ, ഡോ. ജോൺ ബ്രിട്ടാസ്, എ എ റഹീം, ഷാഫി പറമ്പിൽ, എൻ കെ പ്രേമചന്ദ്രൻ, വി ശിവദാസൻ തുടങ്ങിയ എംപിമാരാണ്‌ പ്രതിഷേധിച്ചത്‌. കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രസം​ഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഇത്തവണയും കേരളത്തിന്‌ എയിംസോ  പ്രത്യേക പദ്ധതികളോ ഇല്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ  ആവശ്യങ്ങളും തള്ളി. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട്  മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്.  റെയിൽവെ, ദേശീയപാത വികസനത്തിനും സഹായമില്ല. കഴിഞ്ഞ 10 വർ‌ഷമായി കേരളത്തിനായി ഒരു പുതിയ പദ്ധതിയും നടപ്പാക്കിയിട്ടില്ല. മാത്രമല്ല, ഇത്തവണ ആദ്യമായി കേരളത്തിൽ നിന്ന് ബിജെപിക്ക് എംപി ഉണ്ടായിട്ടും സംസ്ഥാനത്തിന് ഒരു ​ഗുണവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ പ്രതിഷേധവുമായി കേരളത്തിലെ എംപിമാർ രംഗത്തെത്തിയിരിക്കുന്നത്‌.   Read on deshabhimani.com

Related News