പുൽവാമ ആക്രമണം: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കേന്ദ്രം
ന്യൂഡൽഹി > എവിടെ അന്വേഷണ റിപ്പോർട്ട്, കുറ്റക്കാർക്കെതിരായി എന്ത് നടപടിയെടുത്തു, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് എന്ത് നൽകി–- പുൽവാമ ആക്രമണത്തിന്റെ ആദ്യവാർഷികത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മോഡി സർക്കാർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും വിജയത്തിലെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പുൽവാമ ആക്രമണമായിരുന്നു. എന്നാൽ, ഒരു വർഷം പിന്നിടുമ്പോഴും ആക്രമണത്തിന് വഴിയൊരുക്കിയ സുരക്ഷാപാളിച്ചകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ജെയ്‌ഷെ മുഹമദ് എന്ന ഭീകരസംഘടന ആസൂത്രണംചെയ്‌ത ആക്രമണത്തിൽ കൊല്ലപ്പെട്ട നാൽപ്പതിലേറെ സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് വാഗ്‌ദാനംചെയ്‌ത സഹായങ്ങൾ ലഭിച്ചില്ലെന്ന വിമർശനവുമുണ്ട്. ലോക്‌സഭാ പ്രചാരണവേളയിൽ ബിജെപി മുഖ്യമായും ഊന്നിയത് പുൽവാമ ആക്രമണവും തുടർന്നുള്ള മിന്നലാക്രമണവുമായിരുന്നു. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്‌ജലി അർപ്പിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരുവർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് ആരാഞ്ഞു. ഇത്ര വലിയ ഇന്റലിജൻസ് വീഴ്‌ചയ്‌ക്ക് ഉത്തരവാദികൾ ആരാണെന്നും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കായി എന്തെല്ലാം ചെയ്‌തെന്നും യെച്ചൂരി ട്വിറ്റ് ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അന്വേഷണ റിപ്പോർട്ട് എവിടെയെന്ന് ആരാഞ്ഞു. പുൽവാമ ആക്രമണത്തിലൂടെ ആർക്കാണ് നേട്ടമുണ്ടായതെന്നും കുറ്റക്കാർക്കെതിരായി എന്ത് നടപടി സ്വീകരിച്ചെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ കാര്യത്തിൽ മോഡി സർക്കാരിനോ ബിജെപിക്കോ ഒരു മറുപടിയുമുണ്ടായില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി സിആർപിഎഫ് അറിയിച്ചിരുന്നു. Read on deshabhimani.com