പൂനെയിൽ നാശം വിതച്ച് മഴ; നാല് മരണം



പൂനെ> ശക്തമായ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ പൂനെയിൽ നാല് മരണം. നിരവധി നാശനഷ്ടങ്ങളുമുണ്ടായി. ജനവാസമേലകളിൽ വെള്ളം കയറി. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മരിച്ചവരിൽ മൂന്ന് പേർ ഡെക്കാൻ ജിംഖാന മേഖലയിൽ വെള്ളത്തിലൂടെയുള്ള വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഒരാൾ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മരിച്ചു. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്‌കൂളുകൾ അടച്ചിടാൻ ജില്ലാ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. പൂനെയിലും മറ്റ് ഭാഗങ്ങളിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയും കരസേനയും ജാ​ഗ്രത പാലിക്കണമെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരോട് സംസാരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാർ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വരെ പൂനെ ഘട്ട് പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സമതലങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. പൂനെ ജില്ലയിൽ 2024 ജൂൺ ഒന്ന് മുതൽ ജൂലൈ 24 വരെ 567.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും വകുപ്പ് റിപ്പോർട്ട് ചെയ്തു. Read on deshabhimani.com

Related News