സ്ഥാനാർഥി പ്രഖ്യാപനം ; ബിജെപിയിൽ കൂട്ടയടി , രാജസ്ഥാനിൽ 
സംസ്ഥാന പ്രസിഡന്റിന്റെ 
വീടാക്രമിച്ചു



  ന്യൂഡൽഹി അഞ്ച്‌ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്രഖ്യാപനം തുടങ്ങിയതോടെ ബിജെപിയിൽ വൻ പൊട്ടിത്തെറി. രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ സീറ്റ്‌ കിട്ടാത്ത നേതാക്കളുടെ അനുയായികൾ അഴിഞ്ഞാടി. രാജസ്ഥാനിൽ സംസ്ഥാന പ്രസിഡന്റ്‌ സി പി ജോഷിയുടെ വീട്‌ ബിജെപിക്കാർ ആക്രമിച്ചു. രാജ് സമന്ദിലെ ഓഫീസും തകർത്തു. ജോഷിയുടെ കോലവും കത്തിച്ചു. ചിറ്റോർഗഢിലെ സിറ്റിങ്‌ എംഎൽഎ ചന്ദ്രഭൻ സിങ്‌ അക്യയുടെ അനുയായികളാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. ഇവിടെ വസുന്ധരരാജെ സിന്ധ്യയുടെ അനുയായി നർപത് സിങ് രാജ്‌വിയാണ്‌ സ്ഥാനാർഥി. അക്യ വിമതനായേക്കും. ജയ്-പുരിലെ സംഗനേർ സീറ്റിൽ ടിക്കറ്റ്‌ നിഷേധിക്കപ്പെട്ട എംഎൽഎ അശോക് ലഹോട്ടിയുടെ അനുയായികൾ ബിജെപി ഓഫീസിൽ തീയിട്ടു. ചിറ്റോർഗഢ്‌, അൽവാർ, ജയ്പുർ, രാജ്സമന്ദ്, ഉദയ്പുർ, ബുണ്ടി ജില്ലകളിൽ സംഘർഷമുണ്ടായി. മധ്യപ്രദേശിൽ സംസ്ഥാന പ്രചാരണത്തലവനായി ബിജെപി കേന്ദ്രനേതൃത്വം നിയമിച്ച കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു. അഞ്ചാംഘട്ട പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ജബൽപുരിലെ ബിജെപി ഓഫീസിൽവച്ചാണ്‌ കൈയേറ്റമുണ്ടായത്‌. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‌ മർദനമേറ്റു. ഇതോടെ, തോക്കെടുക്കാൻ തുനിഞ്ഞ ഉദ്യോഗസ്ഥനെ നേതാക്കൾ തടയുന്ന  വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ജബൽപുർ നോർത്തിൽ ശരദ് ജെയിന് ടിക്കറ്റ്‌ നൽകാതെ മണ്ഡലത്തിന്‌ പുറത്തുനിന്നുള്ള അഭിലാഷ്‌ പാണ്ഡെയ്‌ക്ക്‌ ടിക്കറ്റ്‌ നൽകിയതാണ്‌ ഏറ്റുമുട്ടലിലേക്ക്‌ നയിച്ചത്‌. സംസ്ഥാന പ്രസിഡന്റ്‌ വി ഡി ശർമയ്‌ക്കെതിരെ മുദ്രാവാക്യമുയർന്നു. സിറ്റിങ്‌ എംഎൽഎയായ മകൻ ആകാശിന്‌ സീറ്റ്‌ ലഭിക്കാത്തതിൽ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്‌ വിജയ്‌വർഗീയ അതൃപ്‌തി പരസ്യമാക്കി. ജോബത്ത് സീറ്റിൽ ടിക്കറ്റ്‌ ലഭിക്കാത്ത മുൻ എംഎൽഎ മാധവ് സിങ്‌ ദാബർ ബിജെപിയിൽനിന്ന്‌ രാജിവച്ചു. അദ്ദേഹം വിമതനായി മത്സരിക്കും. ഗുണ, ഗ്വാളിയോർ മേഖലയിലും  പ്രതിഷേധമുണ്ടായി. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും പ്രതിഷേധമുണ്ടായി. Read on deshabhimani.com

Related News