പീഡനകേസിൽ ഗുർമീത് റാം റഹീമിന് 20 ദിവസം പരോൾ
ചണ്ഡിഗഡ്> പീഡനകേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും പരോൾ അനുവദിച്ചു. 20 ദിവസത്തെ പരോൾ ലഭിച്ച ഗുർമീത് സുനരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹരിയാനയിൽ പ്രവേശിക്കരുത്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതടക്കമുള്ള നിബന്ധനയോടെയാണ് പരോൾ. യുപി ഭാഗ്പതിലെ ദേര സച്ച സൗദ ആസ്ഥാനത്ത് കഴിയും. ഹരിയാനയിൽ നിരവധി അനുയായികളുള്ള ഗുർമീതിന് പരോൾ അനുവദിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ശ്രമമെന്ന് വിമർശം ശക്തമാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 2022 ഫെബ്രുവരി ഏഴിന് മൂന്നാഴ്ച പരോൾ ലഭിച്ചിരുന്നു. ഒക്ടോബർ 5നാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 2017ലാണ് 20 വർഷം ഗുർമീതിനെ ശിക്ഷിച്ചത്. നാലു വർഷത്തിനിടെ ഇത് 15ാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പുറത്തിറങ്ങുന്നത്. ആഗസ്റ്റിൽ 21 ദിവസം പരോൾ ലഭിച്ചിരുന്നു. Read on deshabhimani.com