ഇതിഹാസ
 വ്യവസായിക്ക്
 വിട ; ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു



മുംബൈ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ  ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ  രത്തൻ ടാറ്റ (86) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ്‌ അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. 1962ലാണ് ടാറ്റ ​ഗ്രൂപ്പിൽ ചുമതലയേൽക്കുന്നത്. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിൽനിന്ന് മാറിനിന്ന അദ്ദേ​ഹം കാരുണ്യ പ്രവര്‍ത്തനമേഖലയിലായിരുന്നു. സൈറസ് മിസ്ത്രിയായിരുന്നു പിൻ​ഗാമിയായി ടാറ്റ സൺസ് ചെയര്‍മാനായത്. 1991 മുതൽ 2012 ഡിസംബര്‍ 28ന് വിരമിക്കും വരെ 21 വര്‍ഷം ടാറ്റ ​ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. വിരമിച്ചശേഷം ടാറ്റസൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ എമിരറ്റസ് ചെയര്‍മാൻ പദവി വഹിക്കുകയായിരുന്നു. സൈറസ് മിസ്ത്രി സ്ഥാനമൊഴിഞ്ഞശേഷം ഇടക്കാല ചെയര്‍മാനായും പ്രവർത്തിച്ചു.   ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാൻഡുകളായ ജാ​ഗ്വര്‍, ലാൻഡ് റോവര്‍ എന്നിവ 2004ൽ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാ​ഗ്ദാനവുമായി 2009ൽ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി. കോർണൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറൽ എൻജിനിയറിങ് ബിരുദം. ഹാവാര്‍ഡിൽനിന്ന് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000ൽ പത്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിനെ 13 മില്യൺ പേർ എക്സിലും പത്തുമില്ല്യൺ പേര്‍ ഇൻസ്റ്റ​ഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്. Read on deshabhimani.com

Related News