ജ്വലിക്കും രക്തതാരകം ; വാക്കും പ്രവൃത്തിയും ഇനി വഴികാട്ടും

സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കെെമാറാനായി ഡൽഹി എ കെ ജി ഭവനിൽനിന്ന് പുറത്തേക്കെടുക്കുന്നു ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി രാജ്യത്തെയാകെ കണ്ണീരണിയിച്ച്‌ ഒരു കാലം മറഞ്ഞു. പതിവ്‌ തെറ്റിയെത്തിയ മഴയിലും സങ്കടങ്ങളിലും നനഞ്ഞ്‌ ആയിരങ്ങൾ പ്രിയ സഖാവ്‌ സീതാറാമിനെ ഒരുനോക്ക്‌ കാണാൻ കാത്തുനിന്നു. അവർക്കിടയിൽ രക്തപതാകയ്‌ക്കും ചുവന്ന പൂക്കൾക്കുംകീഴെ ശാന്തമായി യെച്ചൂരി ഉറങ്ങി. ഏത്‌ കൊടുങ്കാറ്റിലും ഉലയാത്ത ആ ശാന്തത മുഖത്ത്‌ നിറഞ്ഞുനിന്നു. മരണം തോറ്റുപോയ സമരജീവിതത്തിന്‌ ഇനി ഇന്ത്യയുടെ ഹൃദയത്തിൽ അമരത്വം. സാധാരണക്കാരോട്‌ അവരുടെ ഭാഷയിൽ സംസാരിച്ച്‌, ഇത്രയും സൗമ്യമായും ജനാധിപത്യപരമായും അവരോട്‌ ഇടപഴകിയ മറ്റൊരാളെ ഓർത്തെടുക്കാനില്ല ഡൽഹിയിലെ തെരുവുകൾക്ക്‌. സംഘപരിവാറിന്റെ കാൽക്കീഴിൽ രാജ്യം ഞെരിഞ്ഞമരുന്ന കെട്ടകാലങ്ങളിൽ പ്രതീക്ഷയോടെ ഇന്ത്യയെ തിരികെ പിടിച്ച ജനാധിപത്യ രാഷ്ട്രീയ ശരികൾക്ക്‌ യെച്ചൂരിയെന്നല്ലാതെ എന്താണ് മറ്റൊരു പേര്‌. ഭക്ഷണത്തിന്റെയും വസ്‌ത്രത്തിന്റെയും പേരിൽ തെരുവുകൾക്ക്‌ തീപിടിപ്പിക്കുന്ന കാലത്ത് ജീവിക്കാനുള്ള കരുത്ത് പകർന്നു നൽകിയ ആ നിറചിരിക്ക്‌ പകരമൊരു വാക്ക്‌ ഇനി തേടേണ്ടിയിരിക്കുന്നു. വസന്ത്‌കുഞ്ജിലെ സീതാസീമയിൽനിന്ന്‌ രാവിലെ പത്തരയോടെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിൽ യെച്ചൂരിയുടെ മൃതദേഹമെത്തിച്ചപ്പോൾ കൂടിനിന്ന ആയിരങ്ങൾ റെഡ്‌ സല്യൂട്ട്‌, റെഡ്‌ സല്യൂട്ട്‌, ഡിയർ കോമ്രേഡ്‌ വിളികളാൽ അന്തരീക്ഷം മുഖരിതമാക്കി. പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ജീവിത്തിൽ ഏറിയപങ്കും ചെലവഴിച്ച എ കെ ജി ഭവനിലെ സ്വന്തം മുറിയോട്‌ ചേർന്ന്‌ അവസാനമായി യെച്ചൂരി കിടന്നു, കൈയിൽ പുസ്‌തകങ്ങളോ തലയിൽ ചിന്താഭാരമോ ഇല്ലാതെ.. രാഷ്‌ട്രീയ, ധൈഷണിക നേതൃത്വവും വിവിധ നാടുകളിൽനിന്നുള്ള സാധാരണക്കാരുമടക്കം വൻ ജനാവലി യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തി.  വിദേശ രാജ്യങ്ങളിലെ സ്ഥാനപതിമാരും ഉപചാരമർപ്പിച്ചു. മൂന്നുമണിവരെ എ കെ ജി ഭവനിലേക്ക്‌ ആൾപ്പുഴകൾ കടലിരമ്പംപോലെ ലാൽസലാം വിളികളുമായി ഒഴുകിയെത്തി. മലയാളം, ബംഗാളി, ഹിന്ദി, ഒറിയ, തമിഴ്‌, കന്നഡ, തെലുഗു തുടങ്ങിയ ഭാഷകളിൽ മുദ്രാവാക്യങ്ങളുയർന്നു. വൈകിട്ട്‌ മൂന്നുകഴിഞ്ഞപ്പോൾ യെച്ചൂരി എ കെ ജി ഭവനിൽനിന്ന്‌ പടിയിറങ്ങാനൊരുങ്ങി. വിലാപയാത്രയ്‌ക്കുള്ള അറിയിപ്പ്‌ മുഴങ്ങി. എ കെ ജി ഭവനിൽനിന്ന്‌ ജന്തർ മന്തർ ഉൾപ്പെടെ യെച്ചൂരിയുടെ പോരാട്ടത്തിന്റെ മുദ്രകൾ പതിഞ്ഞ വഴികളിലൂടെ യാത്രനീങ്ങി. പഠനത്തിനും പോരാട്ടത്തിനും പുതിയ വിശകലനങ്ങൾക്കുമായി ജീവിതത്തെ മാറ്റിവച്ച യെച്ചൂരിയും ഒടുവിൽ ഒരു പാഠമായി എയിംസിലെത്തുന്നു. കൂട്ടിന്‌ നേരത്തേ കടന്നുപോയ അമ്മയും... വിട പ്രിയ സഖാവേ, ലാൽസലാം       Read on deshabhimani.com

Related News