ജാതി പറഞ്ഞ്‌ അപമാനിച്ചു; കടയുടമ ഉൾപ്പെടെ 10 പേര്‍ക്കെതിരെ കേസ്



ബംഗളൂരു> കർണാടകയിൽ ദലിത് സ്ത്രീയെ ജാതി പറഞ്ഞ്‌ അപമാനിച്ചു. യാദ്​ഗിർ ജില്ലയിൽ ബപ്പരാഗി ഗ്രാമത്തിലാണ്‌ സംഭവം. ആഗസ്ത്‌ 12 ന്‌ സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ വിവാഹവാഗ്ദാനം നൽകി ഗ്രാമത്തിലെ ചന്ദ്രശേഖര ഗൗഢ എന്നയാൾ പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്‌ പൊലീസ്‌ പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിത, പട്ടികജാതി-വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത്‌ അന്വേഷിച്ചു വരികയായിരുന്നു. ഇതിനു ശേഷം കടയിലേക്ക്‌ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീയെ കടയുടമയായ ചന്ദ്രശേഖർ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീയ്ക്ക്‌ സാധനങ്ങൾ നിഷേധിക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്ന്‌ സ്‌ത്രീകളുൾപ്പടെ  10 പേർക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌.   ശങ്കരഗൗഡ, ചന്ദപ്പ, ഏറണ്ണ, യലിംഗ, മുദ്ദമ്മ, എറാബായി, ബസന്ത്, അശോക് ബന്ദപ്പ, ശാന്തവ്വ എന്നിവരാണ് മറ്റു പ്രതികള്‍. കേസെടുത്തതിനെതുടർന്ന്‌  ഗ്രാമത്തിലെ ദളിതർക്ക്‌ സാധനങ്ങൾ വിൽക്കരുതെന്ന് ചെറുകിട കച്ചവടക്കാരോട് നിർദേശിക്കുകയും ചെയ്തു. ദളിതർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതിനെ തുടർന്ന്‌ പൊലീസും,  സാമൂഹികക്ഷേമ, വനിതാ ശിശുവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി  വിഷയം ഒത്തുതീർപ്പ് ആക്കിയതായി സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഹമ്പണ്ണ പറഞ്ഞു. ​ Read on deshabhimani.com

Related News