തെലുഗു സംസാരിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശം; നടി കസ്തൂരിക്കെതിരെ കേസ്
ചെന്നൈ > തെലുഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി കസ്തൂരിക്കെതിരെ കേസ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം. ആൾ ഇന്ത്യ തെലുഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദഗോപാൽ എന്നിവരുടെ പരാതിയിൽ ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്. തമിഴ്നാട്ടിലുള്ള തെലുഗു വംശജരെ അപമാനിച്ചുവെന്നാണ് കേസ്. ഇവിടെയുള്ള തെലുഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അംഗീകരിക്കുന്നില്ലെന്നുമായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. സ്ത്രീകളെ അപമാനിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. താൻ തെലുഗു സംസാരിക്കുന്ന എല്ലാവരെയും അപമാനിച്ചിട്ടില്ലെന്നും ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു നടിയുടെ വിശദീകരണം. ബിഎൻഎസിലെ സെക്ഷൻ 192 ( കലാപാഹ്വാനം), സെക്ഷൻ 196 (1)(A) മതത്തിന്റെയോ ഭാഷയുടേയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക), 353 (1), 353 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. Read on deshabhimani.com