കോടികൾ തട്ടിയെന്ന് കേസ്: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് റെമോ ഡിസൂസ



മുംബൈ > വ്യാജരേഖകൾ ചമച്ച് കോടികൾ തട്ടിയെടുത്തെന്ന കേസിൽ പ്രതികരിച്ച് ബോളിവുഡ് നൃത്ത സംവിധായകൻ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും വസ്തുതകൾ പുറത്തുവരും മുൻപ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ദമ്പതികൾ സോഷ്യൽമീഡിയയിൽ അഭ്യർഥിച്ചു. റെമോ ഡിസൂസയും ലിസെല്ലും മറ്റു അഞ്ച് പേരും ചേർന്ന് 11.96 കോടി രൂപ തട്ടിയെന്നുകാട്ടി 26 കാരനായ ഡാൻസറാണ് ഒക്‌ടോബർ 16 ന് പരാതി നൽകിയത്. പരാതിക്കാരനും സംഘവും ഒരു ടെലിവിഷൻ ഷോയിൽ പരിപാടി അവതരിപ്പിക്കുകയും അതിൽ വിജയികളാകുകയും ചെയ്തിരുന്നു. പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക റെമോയും സംഘവും തട്ടിയെടുത്തുവെന്നാണ് ആരോപണം. ഓം പ്രകാശ് ശങ്കർ ചൗഹാൻ, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷൻ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് എന്നിവരാണ് കേസിൽ പ്രതിചേർത്തിട്ടുള്ള മറ്റുള്ളവർ. പരാതിയിൽ വ്യാജരേഖയുണ്ടാക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്ത് മുംബൈ മിരാ റോഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുെന്ന് താരം വ്യക്തമാക്കി. 100 ഓളം സിനിമകളിൽ നൃത്തം ചിട്ടപ്പെടുത്തിയ ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രഫറാണ് റെമോ. Read on deshabhimani.com

Related News